ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയത്തിൽ നിന്ന് തലപൊക്കാനാവാതെ തളർന്നു കിടക്കുകയാണ് കോൺഗ്രസും ആർജെഡിയും. ദയനീയ പരാജയം എന്ന വിലയിരുത്തലിനുപോലും അർഹതയില്ലാത്ത തോൽവി . ബീഹാറിൽ തിരഞ്ഞെടുപ്പിനെ നേരിടാനായി ആർജെഡിയും കോൺഗ്രസും മെനഞ്ഞ എല്ലാ തന്ത്രങ്ങളും നനഞ്ഞ പടക്കംപോലെയായി എന്ന് ചുരുക്കം. ഇതിൽ എടുത്ത് പറയേണ്ടത്. രാഹുൽ ഗാന്ധിയും ആർജെഡിയുടെ തേജസ്വി യാദവും സംഘടിപ്പിച്ച “വോട്ടർ അവകാശ യാത്ര” തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്.
വോട്ടുകൾ സംരക്ഷിക്കുന്നതിലൂടെ വോട്ട് മോഷണത്തിനെതിരെ പൊതുജന അവബോധം വളർത്തുക എന്നതായിരുന്നു യാത്രയുടെ അജണ്ടയായി നിശ്ചയിച്ചത്. തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ യാത്ര ആരംഭിച്ചു. മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് രാഷ്ട്രീയ വിശകലന വിദഗ്ധരും മാദ്ധ്യമങ്ങളും ഇതിനെ കണ്ടത്.
എന്നിട്ടും ജനങ്ങൾ രാഹുലിനെ നിഷ്കരുണം തള്ളിക്കളഞ്ഞു. സുനാമി എന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തിരഞ്ഞെടുപ്പിലെ വിജയത്തെ വിലയിരുത്തിയത്. എക്സ്റ്റിറ്റ് പോൾ ഫലങ്ങളെ പോലും കവച്ചുവെക്കുന്ന തരത്തിലായിരുന്നു എൻഡിഎയുടെ പ്രകടനം. മഹാസഖ്യത്തെ ബീഹാറിലെ ജനങ്ങൾ തുടച്ചുനീക്കി. എൻഡിഎ 202 സീറ്റുകൾ നേടി, മഹാസഖ്യത്തിന് 35 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. വോട്ടർ അവകാശ യാത്ര പൂർണ്ണ പരാജയമായിരുന്നു എന്നാണ് ഈ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്..
യാത്ര കടന്നുപോയ പ്രദേശങ്ങളിൽ ഫലങ്ങൾ പരിശോധിച്ചാൽ അത് വളരെ വ്യക്തമാകുന്ന കാഴ്ചയായിരുന്നു. ഓഗസ്റ്റ് 17-ന് സസാറാമിലെ ദെഹ്രിയിൽ നിന്ന് ആരംഭിച്ച വോട്ടർ അവകാശ യാത്ര ബീഹാറിലെ 38 ജില്ലകളിൽ 25 എണ്ണത്തിലൂടെ കടന്നുപോയി. യാത്ര ആരംഭിച്ച ദെഹ്രി സീറ്റിൽ ലോക് ജനശക്തി പാർട്ടിയുടെ (രാം വിലാസ്) രാജീവ് രഞ്ജൻ സിംഗ് വിജയിച്ചു. തുടർന്ന് യാത്ര കുടുംമ്പയിലേക്കും ഔറംഗാബാദിലേക്കും പോയി, അവിടെ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ലാലൻ റാമും ബിജെപിയുടെ നാരായൺ സിങ്ങും വിജയിച്ചു.
വസീർഗഞ്ച്, ഗയ, നവാഡ, ബർബിഗ എന്നിവിടങ്ങളിലൂടെയാണ് മാർച്ച് പിന്നീട് കടന്നുപോയത്. ഇവിടെയെല്ലാം ബിജെപിയും ജെഡിയുവും മുഴുവൻ സീറ്റുകളും നേടി. ഗയ ടൗണിൽ നിന്ന് ബിജെപിയുടെ പ്രേം കുമാർ, നവാഡയിൽ നിന്ന് ജെഡിയുവിന്റെ വിഭാ ദേവി, ബർബിഗയിൽ നിന്ന് ജെഡിയുവിന്റെ കുമാർ പുഷ്പഞ്ജയ് എന്നിവർ വിജയിച്ചു. തുടർന്ന് മാർച്ച് ഷെയ്ഖ്പുര, ജാമുയി, മുൻഗർ എന്നിവിടങ്ങളിലൂടെ കടന്നുപോയി കതിഹാറിലും പൂർണിയയിലും എത്തി.
എല്ലായിടത്തും എൻഡിഎ തരംഗം ദൃശ്യമായിരുന്നു. കതിഹാറിൽ ബിജെപിയുടെ തർക്കിഷോർ പ്രസാദും പൂർണിയയിൽ വിജയ് കുമാർ ഖേംകയും വിജയിച്ചു. അതുപോലെ, ജെഡിയുവിന്റെ ഷഗുഫ്ത അസിമിനെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ അബിദുർ റഹ്മാൻ വിജയിച്ച സീറ്റായിരുന്നു അരാരിയ.
യാത്രയുടെ അവസാനം അത് സുപോളിലേക്കും മധുബാനിയിലേക്കും എത്തി. ജെഡിയുവിലെയും മറ്റ് പാർട്ടികളിലെയും സ്ഥാനാർത്ഥികൾ ആണ് ഇവിടെയും വിജയിച്ചത്. വോട്ടർ അവകാശ യാത്രാ കടന്നുപോയ സ്ഥലങ്ങളിലെല്ലാം എൻഡിഎ വലിയ നേട്ടങ്ങൾ കൈവരിച്ചു. ദർഭംഗ, മുസാഫർപൂർ, സീതാമർഹി തുടങ്ങിയ പ്രധാന സീറ്റുകൾ എൻഡിഎ നേടി. ദർഭംഗയിൽ ബിജെപിയുടെ സഞ്ജയ് സരോഗി വിജയിച്ചു, രഞ്ജൻ കുമാർ മുസാഫർപൂരിലും സീതാമർഹിയിൽ സുനിൽ കുമാർ പിന്റുവും വിജയിച്ചു.
സെപ്റ്റംബർ 1 ന് ആയിരുന്നു യാത്രയുടെ സമാപനം. ഇൻഡീ സഖ്യത്തിൻറെ നിരവധി നേതാക്കൾ സമാപന പരിപാടിയിൽ പങ്കെടുക്കാൻ പട്നയിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധി, തേജസ്വി യാദവ്, സിപിഐ (എംഎൽ) ന്റെ ദീപങ്കർ ഭട്ടാചാര്യ, വിഐപിയുടെ മുകേഷ് സാഹ്നി തുടങ്ങിയ നേതാക്കൾ റാലിയിൽ പങ്കെടുത്തു. റാലി ഏകദേശം 1,300 കിലോമീറ്റർ സഞ്ചരിച്ചു.









Discussion about this post