കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. കേരളം ഒന്നടങ്കം കാത്തിരുന്ന ശിക്ഷാ വിധിയായിരുന്നു ഇത്. പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും മലയാളികൾ ശിക്ഷാവിധിയെ സ്വീകരിച്ചു. കോടതി മുറിയിൽ നടന്ന സംഭവങ്ങളെല്ലാം ഇപ്പോൾ ചർച്ചയാവുന്നുണ്ട്.
നരാധമൻ അസ്ഫാക് ആലത്തിന് തൂക്കുകയർ വിധിച്ച 197 പേജുള്ള വിധിന്യായത്തിൽ ഒപ്പുവച്ച ജഡ്ജി സോമൻ പേന മേശപ്പുറത്ത് കുത്തി ഒടിച്ചിരുന്നു. ശേഷം ഈ പേന ജീവനക്കാർക്ക് കൈമാറി.ഈ സംഭവത്തെ പലതരത്തിലും വ്യാഖ്യാനിച്ചാണ് പൊതുജനത്തിലേക്ക് എത്തുന്നത്. ഈ പേന ഒടിക്കലിന്റെ യാഥാർത്ഥ്യം എന്തെന്ന് നോക്കാം.
ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ജഡ്ജിമാരുടെ ഈ രീതിക്ക് ഏറെ അർത്ഥതലങ്ങളുണ്ട്. വധശിക്ഷ വിധിക്കുന്ന വിധിന്യായത്തിൽ ഒപ്പുവെക്കാൻ ഉപയോഗിക്കുന്ന പേന തുടർന്ന് ഉപയോഗിക്കുന്നത് വിശുദ്ധമല്ല എന്ന ചിന്താഗതിയും ബ്രിട്ടീഷ് കാലം മുതൽക്കേ നിലവിലുണ്ട്.
ഒരു വട്ടം വധ ശിക്ഷ എഴുതുകയോ ഒപ്പിടുകയോ ചെയ്തുകഴിഞ്ഞാൽ, ആ വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ആ വിധി പറഞ്ഞ ജഡ്ജിമാർക്ക് അധികാരമില്ല. ഈ വിധി പുനഃ പരിശോധിക്കാനുള്ള അധികാരം ഉയർന്ന കോടിതികൾക്ക് മാത്രമായിരിക്കും. അത് കൊണ്ട് തന്നെ സ്വന്തം വിധി പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പേന ഒടിച്ചു കളയുകയോ അല്ലെങ്കിൽ പിന്നീട് ഒരിക്കലും ഉപയോഗിക്കാതെ മാറ്റി വെയ്ക്കുകയോ ചെയ്യും.
കുറ്റം ചെയ്ത ആളെ വധിക്കാനുള്ള ഉത്തരവ് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത് തന്റെ ജോലിയുടെ ഭാഗമാണെന്നും അതിനാൽ വധശിക്ഷക്ക് വിധിക്കുന്ന ജഡ്ജി അസന്തുഷ്ടനാകേണ്ടതില്ല എന്നും ഒട്ടും പശ്ചാത്തപിക്കരുതെന്നും ആണ് കരുതുന്നത്. അത് കൊണ്ട് വധശിക്ഷയിൽ ഒപ്പ് വെച്ച ശേഷം ജഡ്ജി പേന ഒടിച്ചു കളയുന്നു.
ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷാ വിധിയിലൂടെ ജഡ്ജി ചെയ്യുന്നത്. അതുകൊണ്ട് അക്കാര്യത്തിന് ഉപയോഗിക്കുന്ന പേന ഇനിയൊരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിൻറെ പ്രതീകമായാണ് ജഡ്ജിമാർ പേന മാറ്റി വയ്ക്കുകയോ ഒടിച്ചു കളയുകയോ ചെയ്യുന്നത്. വിധിയെഴുതിയ പേന തൂക്കിക്കൊല്ലാനുള്ള വിധി എഴുതിയ വഴി രക്തം രുചിച്ചുവെന്നാണ് കരുതപ്പെടുന്നത്. അതിനാൽ ഇനി മറ്റൊരു ജീവൻ എടുക്കാതിരിക്കാൻ ആ പേന ഇനിയൊരിക്കലും ഉപയോഗിക്കാതിരിക്കുന്നു.
Discussion about this post