ന്യൂഡല്‍ഹി: രാജ്യത്തിന് വീണ്ടും അഭിമാനമായി സ്‌കൈ ഡൈവര്‍ ശീതള്‍ മഹാജന്‍. 21,500 അടി ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ ലോകത്തിലെ ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയാണ് ശീതള്‍ മഹാജ് എന്ന നാല്‍പ്പത്തി ഒന്നുകാരി അഭിമാനമായത്. ഈ കഴിഞ്ഞ നവംബര്‍ 13 നായിരുന്നു റെക്കോര്‍ഡ് നേട്ടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് സ്‌കൈ ഡൈവിങ് പൂര്‍ത്തിയാക്കിയത്. 17,444 അടി ഉയരത്തില്‍ കാലാ പത്തറിലാണ് ഇറങ്ങിയത്. നിരവധി സ്‌കൈ ഡൈവിംഗ് റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമായുള്ള ശീതളിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
എവറസ്റ്റ് കൊടുമുടിക്ക് 21,500 അടി മുന്നില്‍ നിന്ന് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി. അതും ഏറ്റവും ഉയരത്തില്‍ (17,444 അടി / 5,317 മീ). ഒരു സ്ത്രീ നടത്തിയ ഏറ്റവും ഉയര്‍ന്ന സ്‌കൈഡൈവിംഗ് ലാന്‍ഡിംഗ് ഞാന്‍ പൂര്‍ത്തിയാക്കി. കാലാപത്തറിലെ എവറസ്റ്റിന് മുന്നില്‍ സ്‌കൈഡൈവ് ചെയ്ത ആദ്യ ഇന്ത്യന്‍ വനിതയുടെ റെക്കോര്‍ഡിനൊപ്പം ഏറ്റവും ഉയരത്തിലുള്ള സ്‌കൈ ഡൈവിംഗ് ലാന്‍ഡിംഗിന്റെയും റെക്കോര്‍ട്ട് സ്വന്തമാക്കാന്‍ കഴിഞ്ഞു , എന്നാണ് റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ശീതള്‍ മഹാജന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
സ്‌കൈഡൈവിംഗ് ഇതിഹാസം വെന്‍ഡി എലിസബത്ത് സ്മിത്ത്, നാദിയ സോളോവയേവ എന്നിവരോടൊപ്പം സയാങ്‌ബോച്ചെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ പതാകയുമായി ഫ്‌ലാഗ് ജമ്പ് നടത്തുകയും ഏറ്റവും ഉയര്‍ന്ന ഫ്‌ലാഗ് സ്‌കൈഡൈവിംഗ് ലാന്‍ഡിംഗിന്റെ ദേശീയ റെക്കോര്‍ഡും ശീതള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
Discussion about this post