മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്.
അഭിനേത്രി എന്ന നിലയിൽ മലയാളി സ്ത്രീത്വത്തെ തിരശ്ശീലയിൽ അനശ്വരമാക്കിയ ശാരദ, കേരളത്തിന്റെ ചലച്ചിത്ര ചരിത്രത്തിലെ 32-ാമത്തെ ജെ.സി. ഡാനിയേല്‍ പുരസ്‌കാര ജേതാവാണ്. 2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ശാരദയെ പുരസ്‌കാരത്തിനായി ഐകകണ്ഠേന തെരഞ്ഞെടുത്തത്. മലയാള സിനിമയ്ക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം (1968, തുലാഭാരം) നേടിത്തന്നത് ശാരദയാണ്.
ശാരദയുടെ പ്രധാന നേട്ടങ്ങൾ:
ദേശീയ പുരസ്‌കാരങ്ങൾ: 1968-ൽ ‘തുലാഭാരം’, 1972-ൽ ‘സ്വയംവരം’ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് അഭിമാനമായി. 1977-ൽ ‘നിമജ്ജനം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ മൂന്നാം തവണയും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.
മലയാളത്തിന്റെ പ്രിയനായിക: അറുപതുകൾ മുതൽ രണ്ട് പതിറ്റാണ്ടുകാലം മലയാള സിനിമയിലെ ദുഃഖപുത്രിയായും കരുത്തുറ്റ സ്ത്രീ കഥാപാത്രമായും ശാരദ നിറഞ്ഞുനിന്നു.ഐ.എഫ്.എഫ്.കെയിൽ (IFFK) റെട്രോസ്പെക്റ്റീവ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള നടി എന്ന ബഹുമതിയും ശാരദയ്ക്കാണ്.
1945 ജൂൺ 25-ന് ആന്ധ്രാപ്രദേശിലെ തെനാലിയിൽ ജനിച്ച സരസ്വതീദേവിയാണ് പിന്നീട് ശാരദയായി മാറിയത്. 1965-ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലൂടെയാണ് ശാരദ മലയാള സിനിമയിൽ എത്തിയത്. തുടർന്ന് എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പിറന്ന ‘മുറപ്പെണ്ണ്’, ‘ഇരുട്ടിന്റെ ആത്മാവ്’ എന്നീ ചിത്രങ്ങൾ ശാരദയെ മലയാളികളുടെ പ്രിയങ്കരിയാക്കി.യക്ഷി, അടിമകൾ, എലിപ്പത്തായം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, രാപ്പകൽ തുടങ്ങി 125-ഓളം മലയാള ചിത്രങ്ങളിൽ അവർ വേഷമിട്ടു. സഹനങ്ങളുടെ ഭാവപ്പകർച്ചകൾ നിയന്ത്രിതമായ അഭിനയത്തിലൂടെ അവതരിപ്പിക്കാനുള്ള ശാരദയുടെ കഴിവ് മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തിന്റെ അടയാളമാണ്.













Discussion about this post