ന്യൂഡൽഹി : വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. 114 അധിക റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഈ നിർദ്ദേശം ഇനി ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് കൈമാറും. പ്രതിരോധ സംഭരണ ബോർഡിന്റെ നിർദ്ദേശമനുസരിച്ചാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. 3.25 ലക്ഷം കോടി രൂപ ചിലവ് വരുന്നതാണ് ഈ പുതിയ പ്രതിരോധ ഏറ്റെടുക്കൽ.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ ആയിരിക്കും കരാറിൽ അന്തിമ തീരുമാനം എടുക്കുക. കൗൺസിലിന്റെ അംഗീകാരത്തിനു ശേഷം സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ അന്തിമ അംഗീകാരം കരാറിന് ആവശ്യമാണ്. ഈ അംഗീകാരങ്ങൾ ലഭിച്ചാൽ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടക്കാനിരിക്കുന്ന നിർദ്ദിഷ്ട കൂടിക്കാഴ്ചയിൽ ഈ പ്രതിരോധ കരാറുമായി ബന്ധപ്പെട്ട് ചർച്ചകളും തീരുമാനവും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ആകെ 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ 12 മുതൽ 18 വരെ ഫ്രാൻസിൽ നിന്ന് നേരിട്ട് പറക്കാൻ തയ്യാറായ അവസ്ഥയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ബാക്കിയുള്ളവ ഇന്ത്യയിൽ നിർമ്മിക്കാനും ആണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.









Discussion about this post