ഭാരതത്തിന്റെ ഉരുക്കുമുഷ്ടിക്ക് മുന്നിൽ എട്ടുമാസം മുമ്പ് മുട്ടുമടക്കിയ പാകിസ്താൻ വീണ്ടും അതിർത്തിയിൽ പ്രകോപനവുമായി രംഗത്ത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂറിലൂടെ’ പാക് ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞതിന്റെ ആഘാതം മാറും മുൻപേയാണ് വീണ്ടും ഡ്രോൺ നുഴഞ്ഞുകയറ്റവുമായി പാകിസ്താൻ എത്തുന്നത്. ജനുവരി 9 മുതൽ ജമ്മു കശ്മീരിലെ വിവിധ സെക്ടറുകളിൽ ഒന്നിലധികം പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യൻ സേന അതീവ ജാഗ്രതയിലാണ്.
റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനുള്ള പാകിസ്താൻ്റെ കുതന്ത്രമാണിതെന്ന് വ്യക്തമാണ്. വ്യാഴാഴ്ച രാത്രി പൂഞ്ച്, സാംബ സെക്ടറുകളിലും ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ലഗാം ലഗായേ’; പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി .അതിർത്തിയിലെ ഡ്രോൺ ശല്യം അവസാനിപ്പിക്കാൻ പാകിസ്താന് കർശന മുന്നറിയിപ്പാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നൽകിയത്. “ലഗാം ലഗായേ” (നിയന്ത്രിക്കൂ) എന്ന് പാക് സൈനിക നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോൾ വരുന്നത് കഴിഞ്ഞ വർഷത്തെപ്പോലെയുള്ള ചാവേർ ഡ്രോണുകളല്ല, മറിച്ച് വളരെ ചെറിയ നിരീക്ഷണ ഡ്രോണുകളാണ്. ഇന്ത്യൻ പ്രതിരോധത്തിലെ വിടവുകൾ കണ്ടെത്താനും സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് ഇവ എത്തുന്നതെന്ന് ജനറൽ ദ്വിവേദി പറഞ്ഞു. നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചാൽ അതിശക്തമായ പ്രഹരം നൽകാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ അതിർത്തി സുരക്ഷ എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. ഭീകരരെ കടത്തിവിടാൻ ഏതെങ്കിലും വിടവുകളുണ്ടോ എന്ന് അവർ ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നു. എന്നാൽ ഈ ശ്രമങ്ങൾക്കെല്ലാം ‘നെഗറ്റീവ്’ മറുപടിയാണ് അവർക്ക് ലഭിക്കുന്നതെന്ന് കരസേനാ മേധാവി വ്യക്തമാക്കി. സാംബ സെക്ടറിൽ കഴിഞ്ഞ ദിവസം ഒരു പാക് ഡ്രോൺ ആയുധങ്ങൾ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. രണ്ട് പിസ്റ്റളുകൾ, ഗ്രനേഡ്, വെടിയുണ്ടകൾ എന്നിവ സേന കണ്ടെടുത്തു. അതിർത്തിയിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനുള്ള പാകിസ്താൻ്റെ അവസാന ശ്രമമാണിതെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ്.പി. വൈദ് പറഞ്ഞു.












Discussion about this post