ഇറാന്റെ ആഭ്യന്തര സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ, അവിടെയുള്ള ഒമ്പതിനായിരത്തോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ ആരംഭിച്ച് നരേന്ദ്ര മോദി സർക്കാർ. ഇറാനിലുള്ള ഇന്ത്യക്കാർ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിർദ്ദേശിച്ചു. ഇതിന് പിന്നാലെ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാക്ചിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അടിയന്തര സാഹചര്യമുണ്ടായാൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പുകൾ ഭാരതം പൂർത്തിയാക്കിയിട്ടുണ്ട്. ഇറാനിലെ വിവിധ നഗരങ്ങളിലായി ഏകദേശം 9,000-ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.വിദ്യാർത്ഥികളും പ്രൊഫഷണലുകളും സുരക്ഷിതർടെഹറാൻ, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ എംബസിയുമായി സമ്പർക്കത്തിലാണ്.അടിയന്തര യാത്രയ്ക്കായി പാസ്‌പോർട്ടും മറ്റ് യാത്രാ രേഖകളും സജ്ജമാക്കി വെക്കാൻ വിദ്യാർത്ഥികൾക്ക് എംബസി നിർദ്ദേശം നൽകി. ക്വാം (Qom), മഷാദ് തുടങ്ങിയ പുണ്യസ്ഥലങ്ങളിലുള്ള ഇന്ത്യൻ തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ഇറാനിൽ പ്രക്ഷോഭങ്ങളെത്തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത് എല്ലാവരുമായും ബന്ധപ്പെടുന്നതിന് ചെറിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും യൂണിവേഴ്സിറ്റി കോർഡിനേറ്റർമാർ വഴിയും മറ്റ് പ്രാദേശിക സംവിധാനങ്ങൾ വഴിയും എംബസി ഓരോ ഇന്ത്യക്കാരന്റെയും വിവരം ശേഖരിക്കുന്നുണ്ട്. “എല്ലാ ഇന്ത്യക്കാരും പ്രതിഷേധ മേഖലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും” വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇറാൻ വ്യോമമേഖലയിലെ അനിശ്ചിതത്വം അന്താരാഷ്ട്ര വിമാന സർവീസുകളെ സാരമായി ബാധിച്ചു.യുഎസ്സിലേക്കുള്ള മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ വ്യാഴാഴ്ച റദ്ദാക്കി. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും പുറപ്പെട്ട ചില വിമാനങ്ങൾ പാതിവഴിയിൽ നിന്ന് തിരിച്ചുവിളിച്ചു. ഇറാൻ വ്യോമമേഖല ഒഴിവാക്കി ഇറാഖ് വഴി വിമാനങ്ങൾ പറക്കുന്നതിനാൽ യാത്രാസമയം ഒരു മണിക്കൂറിലധികം വർദ്ധിച്ചു. ഇത് വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ഭാരമാണ് വരുത്തുന്നത്.
സംഘർഷം മുറുകുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ സംരക്ഷണത്തിനായി വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്. പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ ‘വിശ്വഗുരു’ ഭാരതത്തിന്റെ കരുത്ത് ഒരിക്കൽ കൂടി ലോകം കാണാൻ പോവുകയാണ്.











Discussion about this post