പാലക്കാട് : പട്ടാമ്പി വല്ലപ്പുഴയിൽ ട്രെയിൻ പാളം തെറ്റി. റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ചിരുന്ന പോത്തിനെ ഇടിച്ചതാണ് ട്രെയിൻ പാളം തെറ്റാൻ ഇടയാക്കിയത്. എഞ്ചിൻ പാളത്തിൽ നിന്നും അകന്നു മാറി. പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. നിലമ്പൂർ-പാലക്കാട് പാസഞ്ചർ ട്രെയിൻ ആണ് അപകടത്തിൽ പെട്ടത്. റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്ത് വെച്ചാണ് സംഭവം നടന്നത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുന്നുണ്ട്. അപകടത്തെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ നിലമ്പൂർ-ഷൊർണൂർ, ഷൊർണൂർ-നിലമ്പൂർ പാസഞ്ചറുകൾ റദ്ദാക്കി. ഈ പാതയിലൂടെയുള്ള മറ്റു ട്രെയിനുകളും വൈകും. പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
Discussion about this post