ന്യൂയോർക്ക്; ഇനി മുതൽ ദീപാവലിയ്ക്ക് ന്യൂയോർക്കിലെ സ്‌കൂളുകൾക്കും പൊതുഅവധി. ന്യൂയോർക്കിലെ സ്‌കൂളുകൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമത്തിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവെച്ചു. എല്ലാ വർഷവും, ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള എട്ടാം മാസത്തിലെ 15-ാം ദിവസം, അതായത് ദീപാവലി ദിനത്തിൽ നഗരത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും അടച്ചിടണമെന്നാണ് നിയമത്തിൽ പറയുന്നത്.
ഇരുട്ടിനെ കീഴടക്കി വെളിച്ചത്തെ സ്വീകരിക്കുന്ന ഈ ദിവസം ആഘോഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സമൂഹമാധ്യമമായ എക്സിൽപങ്കുവെച്ച പോസ്റ്റിൽ കാത്തി ഹോച്ചുൾ പറഞ്ഞു. നമ്മുടെ കുട്ടികൾക്ക് ലോകമെമ്പാടുമുള്ള പാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കാനും ആഘോഷിക്കാനുമുള്ള അവസരമാണ് ഇത്”, എന്ന് ഗവർണർ കൂട്ടിച്ചേർത്തു. ന്യൂയോർക്ക് നഗരത്തിലും സംസ്ഥാനത്തുടനീളമുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധമത വിശ്വാസികൾ ദീപാവലി ആഘോഷിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകൾ ഈ ദിനം ആഘോഷമാക്കുന്നവരാണെന്നും ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ഫ്ളഷിംഗിലുള്ള ഹിന്ദു ടെംപിൾ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കനടത്തിയ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് കാത്തി ഹോച്ചുൾ നിയമനിർമാണത്തിൽ ഒപ്പുവെച്ചത്.
ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വംശജനും ആദ്യത്തെ ഹിന്ദുവുമായ ജെന്നിഫർ രാജ്കുമാർ പുതിയ നിയമത്തെ സ്വാഗതം ചെയ്തു.യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ സ്‌കൂൾ ഡിസ്ട്രിക്ടാണ് ന്യൂയോർക്ക് സിറ്റി. ന്യൂയോർക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, 2022-23 അധ്യയന വർഷത്തിൽ ഈ സ്‌കൂൾ ഡിസ്ട്രിൽ 1,047,895 വിദ്യാർത്ഥികൾ ഉണ്ട്. ഈ വിദ്യാർത്ഥികളിൽ 16.5 ശതമാനവും ഏഷ്യക്കാരാണ്.











