ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം കണക്കിലെടുത്ത് സിഎൻജി, വൈദ്യുതി എന്നിവയിൽ പ്രവർത്തിക്കാത്തതും ഡീസൽ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബസുകൾ തലസ്ഥാനത്ത് സർവ്വീസ് നടത്തുന്നത് വിലക്കിയേക്കും . അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ, വ്യവസായങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നമുള്ള പുറംതള്ളൽ എന്നിവ മൂലം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ 4-ാം ഘട്ടത്തിന് കീഴിൽ, നിലവിൽ ട്രക്കുകൾ മാത്രമേ നഗരത്തിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുള്ളൂ. എന്നാൽ, സിഎൻജി, വൈദ്യുതി, ബിഎസ്-VI ഡീസൽ എന്നിവയിൽ ഓടുന്ന ബസുകൾ ഒഴികെയുള്ള യാത്രാ ബസുകൾ ഛാഠ് പൂജയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അധികൃതർ സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഛാഠ് പൂജ കാരണം വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. ഉത്സവത്തിന് ശേഷം നിരോധനം നടപ്പിലാക്കാനാണ് തീരുമാനം. പഴയ ഡീസൽ ബസുകൾ വായുവിന്റെ ഗുണനിലവാരം മോശമാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാരണത്താൽ ആണ് ഇത്തരത്തിലുള്ള ബസുകൾ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിനായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇന്ന് ഉച്ചയ്ക്ക് ഡൽഹി സെക്രട്ടേറിയറ്റിൽ വകുപ്പ്, ഡിപിസിസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
മലിനീകരണം നിയന്ത്രിക്കുന്നതിനായി നിർമ്മാണ പ്രവർത്തനങ്ങളും ഡീസൽ ഗസ്ലിംഗ് ട്രക്കുകളും ഉൾപ്പെടെ നിരോധിച്ചിട്ടും ഡൽഹിയിലെ വായു ഗുണനിലവാരം മോശമായ നിലയിൽ തന്നെയാണ് തുടരുന്നത്.
Discussion about this post