ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര-ബർകോട്ട് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രമങ്ങൾ തുടങ്ങിയിട്ട് 96 മണിക്കൂറിലേറെയായി.
രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ എയർഫോഴ്‌സിന്റെ വിമാനത്തിൽ അത്യാധുനിക പെർഫോമൻസ് ഓഗർ ഡ്രില്ലിംഗ് മെഷീൻ ഡൽഹിയിൽ നിന്ന് ഇന്നലെ കൊണ്ടുവന്നിരുന്നു. മണിക്കൂറിൽ 5 മീറ്റർ വേഗതയിൽ അവശിഷ്ടങ്ങളിലൂടെ തുരങ്കമുണ്ടാക്കാൻ കഴിയും. എന്നാൽ, അവശിഷ്ടങ്ങളിൽ പാറകൾ ഉള്ളതുകൊണ്ടു തന്നെ ഇതിന് കൃത്യമായ സമയം നിർവചിക്കാൻ കഴിയില്ല. ഇന്ന് തന്നെ യന്ത്രം പ്രവർത്തനം ആരഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ഏകോപിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും ഇടക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതായി ൻഎച്ച്ഐഡിസിഎൽ ഡയറക്ടർ അൻഷു മനീഷ് ഖാൽകോ പറഞ്ഞു. എന്നാൽ, ഓഗർ മെഷീൻ ഉപയോഗിച്ച് മികച്ച ഫലങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 50-60 മീറ്റർ ചുറ്റളവിലുള്ള അവശിഷ്ടങ്ങൾ മാറ്റാൻ കഴിഞ്ഞാൽ, ഏകദേശം 12 മണിക്കൂറിനുള്ളിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന ഉയർന്ന പെർഫോമൻസ് ഓഗർ ഡ്രില്ലിംഗ് മെഷീൻ ഉൾക്കൊള്ളുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടൻ പ്രവർത്തിക്കാൻ തുടങ്ങുമെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസർ (ഡിഡിഎംഒ) ദേവേന്ദ്ര പട്‌വാൾ വ്യക്തമാക്കി. അതേസമയം, കുടുങ്ങിക്കിടക്കുന്ന എല്ലാ തൊഴിലാളികളും ശുഭാപ്തിവിശ്വാസികളാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. എന്നാൽ, ചിലർ തലവേദന, ഉത്കണ്ഠ എന്നിവകൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ഇവർക്ക് മതിയായ മരുന്നും ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. നാൽപ്പതോളം
തൊഴിലാളികളാണ് അകത്ത് കുടുങ്ങിക്കിടക്കുന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം.ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തുരങ്കം പണിയുന്നത്. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
Discussion about this post