ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. സ്ത്രീകളുടെയുള്‍പ്പെടെ ഉന്നമനത്തിനായുള്ള നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തവണത്തെ ബിജെപിയുടെ പ്രകടനപത്രിക.
വ്യാഴാഴ്ച ജയ്പൂരില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. നമ്മുടെ മുന്നേറ്റത്തിനായുള്ള രാജസ്ഥാന്‍ പ്രകടനപത്രിക എന്ന പേരിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. പാര്‍ലമെന്ററികാര്യ സമിതി മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി രാജസ്ഥാന്‍ അദ്ധ്യക്ഷന്‍ സി.പി ജോഷി എന്നിവരും മറ്റ് ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന് 450 രൂപ സബ്സിഡി നല്‍കുമെന്നാണ് ബിജെപിയുടെ പ്രധാന പ്രഖ്യാപനം. ഇതിന് പുറമേ കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും വിള ഇന്‍ഷൂറന്‍സും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്‌കീം, പെണ്‍കുട്ടികള്‍ക്ക് സേവിംഗ്‌സ് ബോണ്ട്, എല്ലാ ജില്ലയിലും ‘മഹിളാ തന’, എല്ലാ പോലീസ് സ്റ്റേഷനുകളിലും ‘മഹിളാ ഡെസ്‌ക് തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റ് പാര്‍ട്ടികള്‍ക്ക് പ്രകടന പത്രിക ഒരു ഔപചാരികത മാത്രമാണ് എങ്കില്‍ ബിജെപിയ്ക്ക് ഇത് വികസനത്തിനുള്ള വഴികാട്ടിയാണെന്ന് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ നദ്ദ പ്രതികരിച്ചു. പ്രകടന പത്രികയില്‍ എഴുതിയിരിക്കുന്നത് കേവലം വാക്കുകളോ വാഗ്ദാനങ്ങളോ അല്ല. ഇതിലെ ഓരോ പ്രഖ്യാപനവും നിറവേറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പറഞ്ഞതെല്ലാം ചെയ്തുകാണിച്ചിട്ടുളളതാണ് ബിജെപിയുടെ ചരിത്രം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതിയിലും പാവപ്പെട്ടവരോടുള്ള അതിക്രമങ്ങളിലും ഒന്നാം സ്ഥാനത്താണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്.
രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അഴിമതികളും പേപ്പര്‍ ചോര്‍ച്ചയും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും നദ്ദ വ്യക്തമാക്കി.
Discussion about this post