ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി 900 മില്ലിമീറ്റർ വ്യാസവും 6 മീറ്റർ നീളവുമുള്ള 5 പൈപ്പുകൾ അവശിഷ്ടങ്ങൾക്കുള്ളിലൂടെ സ്ഥാപിച്ചു. ഇന്നലെ രക്ഷാപ്രവർത്തനങ്ങളിൽ കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കാഠിന്യമേറിയ ഒരു വസ്തു ഉണ്ടായിരുന്നതിനെ തുടർന്ന് താൽകാലികമായി നിർത്തി വിച്ചിരുന്ന ഡ്രില്ലിംഗ് ഇന്ന് വീണ്ടും പുനരാരംഭിച്ചു. ഡയമണ്ട്-ബിറ്റ് മെഷീനുകളുടെ സഹായത്തോടെയാണ് തടസം നീക്കി ഡ്രില്ലിംഗ് വീണ്ടും പുനരാരംഭിച്ചത്. ഇന്ന് ഓഗർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് 25 മീറ്ററോളം അവശിഷ്ടങ്ങൾ നീക്കാനായതായി എമർജൻസി ഓപ്പറേഷൻ സെന്ററിലെ സിൽക്യാര കൺട്രോൾ റൂം അറിയിച്ചു.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് എത്താൻ 30 മുതൽ 40 മീറ്റർ വരെയുള്ള അവശിഷ്ടങ്ങൾ കൂടി നീക്കം ചെയ്യേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഗർ മെഷീൻ വളരെ കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നുണ്ട്, അതിനാൽ തന്നെ തൊഴിലാളികളെ എത്രയും വേഗം രക്ഷിക്കാനാകുമെന്ന് അവർ കൂട്ടിച്ചേർത്തു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താൻ ഏകദേശം 45 മുതൽ 60 മീറ്റർ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് കരുതുന്നത്. മെഷീൻ മണിക്കൂറിൽ 5 മീറ്റർ എന്ന കണക്കിലാണ് ഇപ്പോൾ ഡ്രില്ലിംഗ് നടക്കുന്നത്. മുൻപ് കൊണ്ടുവന്ന മെഷീനേക്കാൾ ഇതിന്റ വേഗത വളരെ കൂടുതലാണ്.
അതേസമയം, ആറ് ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനായി അവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. അവർക്ക് പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്സിജനും ലഭ്യമാക്കുകയും വോക്കി-ടോക്കികൾ വഴി ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും അധികാരികൾ അറിയിച്ചു. പുറത്തെത്തിക്കുന്ന തൊഴിലാളികൾക്ക് അതിവേഗം ചികിത്സ ഉറപ്പാക്കുന്നതിനായുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമ്മാണം നടക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. 4.5 കിലോമീറ്റർ നീളമുള്ള തുരങ്കം, സിൽക്യാരയുടെ അറ്റത്ത് നിന്ന് 2,340 മീറ്ററും ദണ്ഡൽഗാവിന്റെ ഭാഗത്ത് നിന്ന് 1,750 മീറ്ററുമാണ് നിർമ്മിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ ഇരുവശങ്ങൾക്കുമിടയിൽ 441 മീറ്റർ നീളമാണ് ഇനി നിർമിക്കാനുള്ളത്.
Discussion about this post