ന്യൂഡൽഹി: തലസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസമായി ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം. വെള്ളിയാഴ്ച രാവിലെ 461 ആയിരുന്ന നഗരത്തിലെ എക്യുഐ നിലവാരം ഇന്ന് രാവിലെ 398 ആയി കുറഞ്ഞിട്ടുണ്ട്. പുകമഞ്ഞ് നഗരത്തെ മൂടിയിട്ടുണ്ട്. എങ്കിലും, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട നിലയിലെത്തിയെന്ന വാർത്ത ആശ്വാസകരമാണ്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് പ്രകാരം ഗാസിപൂരിലെ വായു ഗുണനിലവാരം 398 ൽ എത്തിയിട്ടുണ്ട്.
അതേസമയം, ഉയർന്ന വായു മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ, നഗരത്തിലെ വായുവിന്റെ മലിനീകരണം കുറയ്ക്കാനായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇന്നലെ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.’ ഉത്തരേന്ത്യയിലാകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഡൽഹിയിൽ മാത്രമല്ല, അയൽരാജ്യമായ ഹരിയാനയിലെ 12 ജില്ലകളും ‘ഗുരുതര’ തോതിലുള്ള വായു മലിനീകരണമാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലും വായുവിന്റെ ഗുണനിലവാരം മോശമായ 14 സ്ഥലങ്ങളുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നിരവധി ജില്ലകളിലും സമാനമായ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്’- പരിസ്ഥിതി മന്ത്രി കൂട്ടിച്ചേർത്തു. ഗ്രാപ് നിയമങ്ങൾ ശരിയായി നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പരിസ്ഥിതി സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 6 അംഗ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post