ഇന്നത്തെക്കാലത്ത് പലരും ജീവിതത്തിൽ നേരിടുന്ന പ്രശ്നമാണ് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തവിതരണം പെട്ടെന്ന് തടസ്സപ്പെടുമ്പോഴോ കുറയുമ്പോഴോ ആണ് സെറിബ്രോവാസ്കുലർ ആക്‌സിഡന്റ് (സിവിഎ) എന്നറിയപ്പെടുന്ന സ്ട്രോക്ക് ഉണ്ടാകുന്നത്. ഇത് ശരീരത്തിലെ ഓക്സിജന്റെയും പോഷകങ്ങളുടെയും അഭാവത്തിന് കാരണമാകുന്നു.
രക്താതിമർദ്ദം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ്, പുകവലി, പൊണ്ണത്തടി, പ്രമേഹം, ഉദാസീനമായ ജീവിതശൈലി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ സ്ട്രോക്കിന് കാരണമാകാം. ഇത് മാത്രമല്ല, പ്രായവും ജനിതക പരമായ പ്രശ്നങ്ങളും സ്ട്രോക്കിന്റെ കാരണങ്ങളാണ്. തിരക്കേിറിയ ജീവിതത്തിൽ പലർക്കും ഉണ്ടാകുന്ന സമ്മർദ്ദം സ്ട്രോക്കിന്റെ പ്രധാന കാരണമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് മാനസിക സമ്മർദ്ദം പ്രധാന ഘടകമാണ്.
വിട്ടുമാറാത്ത സമ്മർദ്ദം, രക്തസമ്മർദ്ദം, അമിതമായ മദ്യപാനം തുടങ്ങിയവയും സ്ട്രോക്കിനുള്ള കാരണങ്ങളാണ്. കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ, സ്ഥിരമായി ഉയരുമ്പോൾ, രക്തക്കുഴലുകൾക്കും ഹൃദയത്തിനും കേടുപാടുകൾ വരുത്തുകയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
പക്ഷാഘാതം മൂലം ബുദ്ധിമുട്ടുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരികയാണ്. പക്ഷാഘാതം എല്ലായ്‌പ്പോഴും പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത്, 20-നും 30-നും ഇടയിൽ പ്രായമുള്ള ആളുകളെ പോലും സ്ട്രോക്ക് ബാധിക്കുന്നുണ്ട്.
യുവാക്കൾക്കിടയിൽ പൊണ്ണത്തടി വർദ്ധിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു. മോശം ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉദാസീനമായ ജീവിതശൈലി എന്നിവ അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് ഹൈപ്പർടെൻഷനും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതമായ സ്‌ക്രീൻ സമയം സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഉറക്കക്കുറവിന് കാരണമാകുന്നു. ഇതും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കൂടാതെ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, പ്രത്യേകിച്ച് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം, യുവാക്കൾക്കിടയിൽ വ്യാപകമായിരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഇത് സ്ട്രോക്കിനുള്ള മറ്റൊരു കാരണമാണ്.
Discussion about this post