മലപ്പുറം : നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കറിനെ തള്ളി ലീഗ് നേതൃത്വം. എൻ എ അബൂബക്കർ ലീഗ് ഭാരവാഹി അല്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട ആരും തന്നെ നവ കേരള സദസ്സിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ എ അബൂബക്കറിന് മുസ്ലിം ലീഗ് ഭാരവാഹിത്വം ഇല്ല എന്നാണ് പി എം എ സലാം വ്യക്തമാക്കിയത്. ലീഗ് നേതാക്കൾ ആരും തന്നെ നവ കേരള സദസിൽ പങ്കെടുത്തിട്ടില്ല അത്തരത്തിൽ വരുന്ന ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. നവ കേരള സദസ്സിൽ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ലീഗ് നിലപാട് വ്യക്തമാക്കിയിരുന്നു.
നവ കേരള സദസുമായി യുഡിഎഫ് സഹകരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചിരുന്നു. ലീഗ് നേതൃത്വത്തിന്റെ ഈ നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന കൗൺസിൽ അംഗവും നായന്മാർമൂല മുസ്ലിം ലീഗ് യൂണിറ്റ് പ്രസിഡന്റുമായ എൻ എ അബൂബക്കർ നവ കേരള സദസിൽ പങ്കെടുത്തത്.
Discussion about this post