ചെന്നൈ : സൂപ്പർ ഹിറ്റ് തമിഴ് ചലച്ചിത്രമായ ‘ധീരൻ അധികാരം ഒണ്ട്ര്’ന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും എന്ന് സംവിധായകന്റെ വെളിപ്പെടുത്തൽ. സംവിധായകൻ എച്ച് വിനോദ് ആണ് ചിത്രത്തിന് ഉടൻതന്നെ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.
കാർത്തി നായകനായെത്തിയ ‘ധീരൻ അധികാരം ഒണ്ട്ര്’ വലിയ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രമായ ധീരനിൽ കാർത്തി ഒരു പോലീസ് ഓഫീസർ ആയിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ഓപ്പറേഷൻ ബവാരിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ അന്വേഷണാത്മക ത്രില്ലർ ചിത്രം ഒരുക്കിയിരുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ ചതുരംഗ വേട്ടൈ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് എച്ച് വിനോദ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ‘ധീരൻ അധികാരം ഒണ്ട്ര്’. അജിത്ത് നായകനായ നേർക്കൊണ്ട പാർവൈ, വലിമൈ, തുണിവ് എന്നീ ചിത്രങ്ങളും എച്ച് വിനോദ് ആണ് സംവിധാനം ചെയ്തിട്ടുള്ളത്.
1995 – 2006 കാലഘട്ടത്തിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളിൽ വ്യാപകമായിരുന്ന സംഘടിത കൊള്ള , കൊലപാതകം, കവർച്ച എന്നിവയ്‌ക്കെതിരെ തമിഴ്‌നാട് പോലീസ് നടത്തിയ ഓപ്പറേഷൻ ബവാരിയയെ അടിസ്ഥാനമാക്കിയായിരുന്നു ധീരൻ ഒരുക്കിയിരുന്നത്. രാകുൽ പ്രീത് സിംഗ്, അഭിമന്യു സിംഗ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
കമൽഹാസൻ നായകനാകുന്ന 233-ാം ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുകയാണ് നിലവിൽ എച്ച് വിനോദ്. ഈ ചിത്രത്തിനു ശേഷം ആയിരിക്കും ധീരന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post