ന്യൂഡൽഹി ; ഇന്ത്യ വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരൻ. ഈ വലിയ നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങൾ പോലും സ്റ്റാർട്ടപ്പുകൾക്ക് തഴച്ചുവളരാൻ വലിയ പിന്തുണയാണ് നൽകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഹഡിൽ ഗ്ലോബൽ 2023 ലെ ലീഡർഷിപ്പ് ടോക്കിൽ വെച്ചാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നാഗേശ്വരൻ വ്യക്തമാക്കിയത്. രാജ്യം നിലവിലെ വളർച്ചാ പാത നിലനിർത്തിയാൽ 2030 ഓടെ 7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വളർച്ച കഴിഞ്ഞ ദശകത്തിൽ വലിയ ഉയർച്ചയാണ് കൈവരിച്ചതെന്നും സിഇഎ സൂചിപ്പിച്ചു. ബിസിനസ് മോഡലുകൾ വികസിപ്പിക്കുന്നതിൽ സ്റ്റാർട്ടപ്പുകളുടെ സജീവ പങ്കാളിത്തം കാര്യക്ഷമതയും സാമ്പത്തിക വരുമാനവും സൃഷ്ടിക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 13 ശതമാനം ഐടി സേവനങ്ങളിൽ നിന്നും, ഒമ്പത് ശതമാനം ആരോഗ്യ മേഖലയിൽ നിന്നും, ഏഴ് ശതമാനം വിദ്യാഭ്യാസത്തിൽ നിന്നും, അഞ്ച് ശതമാനം കൃഷിയിൽ നിന്നും, അഞ്ച് ശതമാനം ഭക്ഷണ പാനീയങ്ങളിൽ നിന്നും ആണെന്നും സിഇഎ വ്യക്തമാക്കി. രാജ്യത്തെ 763 ജില്ലകളിലായി നിലവിൽ 1.12 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ അംഗീകൃതമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും സിഇഎ അറിയിച്ചു.
Discussion about this post