കോട്ടയം : നിർത്തിയിട്ട കാറിനുള്ളിൽ നിന്നും നടന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം വിഷവാതകം ശ്വസിച്ചതാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശനിയാഴ്ചയായിരുന്നു പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്നും നടൻ വിനോദ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്.
കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് വിനോദ് തോമസിന്റെ മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓൺ ആക്കിയ ശേഷം അദ്ദേഹം മയങ്ങിപ്പോയെന്നാണ് ലഭിക്കുന്ന സൂചന. മയക്കത്തിനിടയിൽ വിഷവാതകം ശ്വസിച്ച് മരണം സംഭവിക്കുകയായിരുന്നു.
കോട്ടയം പാമ്പാടിയിലെ ഒരു ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് 47 കാരനായ വിനോദ് തോമസിനെ കാറിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കാർ സ്റ്റാർട്ട് ചെയ്ത് മണിക്കൂറുകളോളം കിടക്കുന്നത് കണ്ട് സംശയം തോന്നിയ ബാർ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിനോദ് തോമസിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Discussion about this post