തിരുവനന്തപുരം : ബിരുദ വിദ്യാർത്ഥികൾക്കായുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്തുടനീളമായി 3000 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
ബിരുദ ബിരുദാനന്തര പഠനകാലയളവിലുള്ള അഞ്ചുവർഷത്തേക്കാണ് വർഷംതോറും പതിനായിരം രൂപ വീതം സ്കോളർഷിപ്പ് ആയി നൽകുന്നത്. നിലവിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് അപേക്ഷ നൽകാൻ അവസരം ഉള്ളത്. 2022 – 2023 അദ്ധ്യയന വർഷത്തിൽ ബിരുദ പ്രവേശനം ലഭിച്ച്, ഇപ്പോൾ രണ്ടാം രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷകൾ സമർപ്പിക്കാം. അധികം വൈകാതെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാൻ സാധ്യമാകും.
ബി.പി.എൽ.വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും കുടുംബത്തിന്റെ പ്രതിവർഷ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവരെയുമാണ് സ്കോളർഷിപ്പ് ആനുകൂല്യത്തിന് പരിഗണിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റിൽ state merit scholarship (SMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്കോളർഷിപ്പിനായുള്ള വെരിഫിക്കേഷൻ ഡിസംബർ 2 നുള്ളിൽ വിദ്യാർത്ഥി പഠിക്കുന്ന കോളേജിൽ നിന്നും പൂർത്തീകരിച്ചു നൽകേണ്ടതുണ്ട്. മേൽപ്പറഞ്ഞ യോഗ്യതകൾ ഉള്ള വിദ്യാർത്ഥികൾക്ക് http://dcescholarship.kerala.gov.in എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Discussion about this post