തിരുവില്വാമല: അതി വിശിഷ്ടമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ വ്യാഴാഴ്ച്ച നടക്കും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണ് പുനർജനി നൂഴൽ നടക്കുക. പുലർച്ചെ ക്ഷേത്രത്തിൽ നിന്ന് നാമജപ ഘോഷയാത്രയോടെ ക്ഷേത്രം അധികാരികളും മേൽശാന്തിയും ഭക്തരും ഗുഹാമുഖത്തെത്തി പ്രത്യേക പൂജയ്ക്ക് ശേഷമാണ് പുനർജനി നൂഴൽ ആരംഭിക്കുന്നത്. ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടര കിലോ മീറ്റർ കിഴക്ക് വില്വാമലയിലാണ് പുനർജ്ജനി ഗുഹ.
പാപ നാശിനി ഗുഹയെന്നാണ് പുനർജനി ഗുഹയറിയപ്പെടുന്നത്. പുനർജനി ഗുഹ നൂഴ്ന്നിറങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. പരശുരാമനുമായി ബന്ധപ്പെട്ടതാണ് പുനർജനിയിലെ ഐതിഹ്യം. പരശുരാമൻ 21 പ്രാവശ്യം ലോകം ചുറ്റി കൊന്നൊടുക്കിയ ക്ഷത്രിയരുടെ ആത്മാക്കൾക്ക് വീണ്ടും ജന്മമെടുത്ത് പാപനിഗ്രഹം ചെയ്യാൻ പറ്റാത്തതിനാൽ ദേവഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വകർമ്മാവ് പണികഴിപ്പിച്ചതാണ് പുനർജ്ജനി ഗുഹയെന്നാണ് ഐതിഹ്യം.
ഐരാവത്തിൽ ദേവ്വേന്ദ്രനും ബ്രഹ്മാവ്, വിഷ്ണു, ശിവൻ, മറ്റു ദേവന്മാരും ഗുഹ നിർമ്മാണ സമയത്ത് ഉണ്ടായിരുന്നുവെന്ന് പറയുന്നു. പുരുഷൻമാർക്ക് മാത്രമാണ് പുനർജനി നൂഴാൻ അവസരമുള്ളത്. കിഴക്ക് മലയുടെ വടക്കെ ചരുവിലെ ഒരിക്കലും വറ്റാത്ത ഗണപതി തിർത്തം സ്പർശിച്ചുവേണം പുനർജ്ജനിയിലേക്ക് പോകുവാൻ.
തിരുവില്വാമല പഞ്ചായത്തിന്റെയും, വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകളുടെയും സഹകരണത്തോടെ വിപുലമായ സൗകര്യങ്ങളാണ് തിരുവില്വാമലയിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ട് അഞ്ച് മണി മുതൽ തിരുവില്വാമല ദേവസ്വം ഓഫീസിൽ നിന്ന് ടോക്കണുകൾ വിതരണം ചെയ്യും. ടോക്കൺ എടുക്കാൻ വരുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണമെന്ന് ദേവസ്വം മാനേജർ മനോജ് കെ.നായർ അറിയിച്ചു. പ്രായമായവരും ആരോഗ്യപ്രശ്‌നമുള്ളവരും സ്ഥിരമായി അസുഖമുള്ളവരും പുനർജനി നൂഴുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും നിർദേശമുണ്ട്.
Discussion about this post