ഡെറാഡൂൺ: ഉത്തരകാശിയിൽ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽ വെർട്ടിക്കൽ ഡ്രില്ലിംഗ് നടത്താനുള്ള സ്ഥലം കണ്ടെത്തി. എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖുൽകോയാണ് ഇക്കാര്യം അറിയിച്ചത്.
‘വെർട്ടിക്കൽ ഡ്രില്ലിംഗിനുള്ള സ്ഥലം കണ്ടെത്തി. വെർട്ടിക്കൽ ഡ്രില്ലിംഗിനായി തുരങ്കത്തിന് മുകളിലുള്ള കുന്നിലൂടെയുള്ള റോഡ് നിർമാണം ഏകദേശം പൂർത്തിയായി. 350 മീറ്ററിലധികം റോഡ് നിർമിച്ചുകഴിഞ്ഞു. സിൽക്യാര, ബാർകോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള റോഡ് നിർമാണം ഏകദേശം പൂർത്തിയായി’- എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖുൽകോ വ്യക്തമാക്കി. അതേസമയം, റോഡിന് വീതി കുറവായതിനാൽ ഇന്നലെ വഴിയിൽ കുടുങ്ങി കിടന്നിരുന്ന പെെലിംഗ് യന്ത്രം ഇപ്പോൾ തുരങ്കത്തിനടുത്ത് എത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച, രക്ഷാപ്രവർത്തകർ ഹൊറിസോണ്ടൽ ഡ്രില്ലിംഗ് പരീക്ഷിക്കുകയും കുടുങ്ങിപ്പോയ തൊഴിലാളികൾക്ക് പാകം ചെയ്ത ഭക്ഷണം നൽകുകയും ചെയ്തിരുന്നു. ഒഎൻജിസി, എസ്‌ജെവിഎൻഎൽ, ആർവിഎൻഎൽ, എൻഎച്ച്‌ഐഡിസിഎൽ, ടിഎച്ച്‌ഡിസിഎൽ എന്നിങ്ങനെ അഞ്ച് ഏജൻസികൾ ഒത്തുചേർന്നാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6 ഇഞ്ച് വീതിയുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ, പഴങ്ങൾ, മരുന്ന് തുടങ്ങിയവ മാത്രമാണ് നൽകാൻ കഴിഞ്ഞത്. എന്നാൽ, ഇതിന് ശേഷം രാത്രി വെജ് പുലാവ്, മത്തർ-പനീർ, ചപ്പാത്തി എന്നിങ്ങനെയുള്ള പാകം ചെയ്ത ഭക്ഷണങ്ങൾ ഇവർക്ക് പൈപ്പിലൂടെ നൽകാൻ കഴിഞ്ഞു.
നവംബര്‍ 12ന് പുലര്‍ച്ചെ 5.30-നായിരുന്നു ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകര്‍ന്ന് വീണത്. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ മൂലം പല തവണ രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുന്ന കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കിയ 2 കിലോമീറ്റർ ദൂരത്തിൽ നിർമിച്ച തുരങ്ക ഭാഗത്താണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്. ടണലിന്റെ ഈ ഭാഗത്ത് വൈദ്യുതിയും വെള്ളവും ലഭ്യമാണ്.
Discussion about this post