ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ അധികം വൈകാതെ വിജയത്തിലേക്കെത്തുമെന്ന് അധികൃതർ. മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ, നാളെയോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കും. ഇനി 18 മീറ്റർ ദൂരം മാത്രമേ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അരികിലേക്കുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. താൽക്കാലികമായി നിർത്തിവച്ച ഡ്രില്ലിംഗ് ചൊവ്വാഴ്ച വൈകിട്ടോടെ പുനരാരംഭിച്ചിരുന്നു. ഇന്നത്തോടെ കാര്യമായ പുരോഗതി കണ്ടിരുന്നു. അവശിഷ്ടങ്ങൾക്കിടയിലൂടെ 39 മീറ്റർ തുരന്നു. പാറക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ളതിനാൽ ഡ്രില്ലിംഗിൽ കാലതാമസം നേരിട്ടിരുന്നു.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരുടെ അടുത്തേക്ക് 39 മീറ്ററോളം തുരന്ന് എത്താൻ സാധിച്ചുവെന്നത് വളെരെ സന്തോഷകരമായ കാര്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ഉപദേഷ്ടാവ് ഭാസ്കർ ഖുൽബെ പറഞ്ഞു. എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ തന്നെയാണ് നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരുമായി സംസാരിച്ചിരുന്നു. എല്ലാവരും വേഗം പുറത്തിറങ്ങാൻ കഴിയുമെന്ന ആശ്വാസത്തിലാണ്. വളരെ വേഗം തന്നെ വിജയം കാണാനാകുമെന്ന് കരുതുന്നു’- അദ്ദേഹം വ്യക്തമാക്കി.
900 എംഎം പൈപ്പുകൾ ഉപയോഗിച്ച് 24 മീറ്റർ ആഴത്തിലേക്ക് എത്താൻ സാധിച്ചു. 800 എംഎം പൈപ്പുകൾ കൊണ്ട് 36 മീറ്റർ കൂടി തുളച്ചിട്ടുണ്ട്. ഇന്നലെ രാത്രി തൊഴിലാളികൾക്ക് വെജ് പുലാവ്, മത്തർ-പനീർ, ചപ്പാത്തി എന്നിങ്ങനെയുള്ള പാകം ചെയ്ത ഭക്ഷണം പൈപ്പിലൂടെ എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം പൈപ്പ് ലൈനിലൂടെ ഇറക്കിയ എൻഡോസ്കോപ്പിക് ഫ്ലെക്സി ക്യാമറ ഉപയോഗിച്ച് കുടുങ്ങിയ തൊഴിലാളികളുടെ ചിത്രങ്ങൾ പകർത്തിയിരുന്നു. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തൊഴിലാളികളുമായി വാക്കി-ടോക്കികള്‍ വഴി ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നുണ്ട്.
Discussion about this post