അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അർജുൻ മുണ്ടയുമായി ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി.
കൂടിക്കാഴ്ചയുടെ വിവരങ്ങൾ മണിക് സാഹ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു. “ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ക്യാബിനറ്റ് മന്ത്രി ശ്രീ അർജുൻ മുണ്ട ജിയെ ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കണ്ടു,” സാഹ കുറിച്ചു . ത്രിപുരയിലെ ആദിവാസി വിഭാഗത്തിന്റെ (ജൻജാതി) ക്ഷേമം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ കൂടിക്കാഴ്ച. ജനതയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക വിദ്യാഭ്യാസ വിഷയങ്ങൾ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 15 പുതിയ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കാനുള്ള ത്രിപുരയുടെ അഭ്യർത്ഥന പരിഗണിക്കാൻ കേന്ദ്രമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി ക്ഷേമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആർട്ടിക്കിൾ 275(1) പ്രകാരമുള്ള കൂടുതൽ നടപടികൾ ത്രിപുരയിൽ നടപ്പിലാക്കുന്നതും ചർച്ചാവിഷയമായി. കേന്ദ്രമന്ത്രി അർജുൻ മുണ്ടയുടെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടികളാണ് ലഭിച്ചതെന്നും, സംസ്ഥാനം മുന്നോട്ടു വെച്ച പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര അനുമതി ലഭിച്ചുവെന്നും മണിക് സാഹ അറിയിച്ചു.
അതേസമയം കേന്ദ്ര- ഫണ്ട് വിനിയോഗിക്കുന്നതിൽ പക്ഷപാതപരമായ നയമാണ് ത്രിപുരയിലെ ബിജെപി-ഐപിഎഫ്ടി സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അനിമേഷ് ദേബ് ബർമ്മ ആരോപിച്ചു. “ഗ്രാമപഞ്ചായത്തുകൾക്കുള്ള വിഹിതം കൂടുതലാണെങ്കിലും എംജിഎൻആർഇജിഎ (MGNREGA) , പിഎംഎവൈ(PMAY) തുടങ്ങിയ സർക്കാർ പദ്ധതികളിൽ വില്ലേജ് കമ്മിറ്റികൾക്കുള്ള വിഹിതം കുറവാണ്. ഇത് ശരിയല്ല” അദ്ദേഹം പറഞ്ഞു. അതേസമയം, ആദിവാസി വികസനത്തിനായി ടിടിഎഎഡിസിക്ക് ഫണ്ട് നൽകണമെന്ന് തിപ്ര മോത പാർട്ടി മേധാവി പ്രദ്യോത് കിഷോർ മാണിക്യ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു .
Discussion about this post