കോഴിക്കോട്: കോഴിക്കോട് മാറാട് ട്രാൻസ്‌ഫോർമറിൽ കയറിപ്പറ്റിയ പെരുമ്പാമ്പ് ഏറെ നേരം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. മാറാട് സാഗരസരണി ബസ്റ്റോപ്പിന് അടുത്തുള്ള ട്രാൻസ്‌ഫോമറിലായിരുന്നു സംഭവം.
ഇന്നലെ രാത്രിയിലാണ് പെരുമ്പാമ്പ് ട്രാൻസ്‌ഫോർമറിൽ പെട്ടതെന്നാണ് കരുതുന്നത്. രാത്രിയോടെ ഇടയ്ക്കിടെ ഈ ഭാഗത്ത് വൈദ്യുതി മുടങ്ങിയിരുന്നു. രാവിലെ ട്രാൻസ്‌ഫോർമറിന് മുൻപിലെ റോഡിലൂടെ സഞ്ചരിച്ച നാട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടത്. ട്രാൻസ്‌ഫോർമറിന്റെ അടിഭാഗത്ത് പോസ്റ്റിന്റെ ഇടക്കമ്പിയിൽ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു പാമ്പ്.
പാമ്പ് കുടുങ്ങിയ വിവരം അറിഞ്ഞതോടെ കാണാനും ആള് കൂടി. ഇതോടെ പുറത്തിറങ്ങാൻ വഴി കിട്ടാതെ പാമ്പും വലഞ്ഞു. ഇതിനിടെ പരിസരവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കുറച്ചുനേരത്തെ കാത്തിരിപ്പിനൊടുവിൽ ചാക്കുമായി വനംവകുപ്പിലെ പാമ്പ് പിടുത്തക്കാർ എത്തി.
ഏണി വെച്ച് ട്രാൻസ്‌ഫോർമറിൽ കയറി പാമ്പിന്റെ തലയ്ക്ക് താഴെയായി ചാക്ക് തുറന്നുകൊടുത്തു. ഇതോടെ പുറത്തിറങ്ങാനുളള വഴി തെളിഞ്ഞ പാമ്പ് വലിയ വിമുഖതയൊന്നും കൂടാതെ ചാക്കിനകത്തേക്ക് കയറി. ഇടയ്‌ക്കൊന്ന് മടിച്ചപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ശരീരത്തിൽ ഒന്ന് തലോടി. പിന്നെ വാൽഭാഗത്തെ ചുറ്റഴിച്ചുവിട്ടു. ഇതോടെ ക്ലിയർ. പാമ്പിന് വൈദ്യുതാഘാതമേൽക്കാഞ്ഞത് അത്ഭുതമെന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post