ലക്‌നൗ: അതീഖ് അഹമ്മദിന്റെ കൂട്ടാളിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി ഉത്തർപ്രദേശ് പോലീസ്. നഫീസ് ബിരിയാണി എന്നറിയപ്പെടുന്ന മുഹമ്മദ് നഫീസ് ആണ് അറസ്റ്റിലായത്. ഉപേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.
കൃത്യത്തിന്റെ പിന്നാലെ നഫീസ് ഒളിവിൽ കഴിയുകയായിരുന്നു. ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. ഇതേ തുടർന്ന് ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി നഫീസ് പിടിയിലായത്.
ഇന്നലെ രാത്രി ചെക്‌പോസ്റ്റിലൂടെ സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ പോലീസുകാർക്ക് നേരെ നഫീസ് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബാരിക്കേഡ് തകർത്ത് പോയി. എന്നാൽ പോലീസ് പിന്തുടരുകയായിരുന്നു. വീണ്ടും ഇയാൾ പോലീസിനെ ആക്രമിച്ചതോടെ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിനിടെ നഫീസിന്റെ കാലിൽവെടിവച്ച് പോലീസ് പിടികൂടുകയായിരുന്നു.
ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മതിയായ ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post