തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കനക്കുന്നു. തുടർച്ചയായി പെയ്ത മഴയിൽ തലസ്ഥാനത്തെ 500ലേറെ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ കുടുംബങ്ങളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ മുതൽ പെയ്ത മഴയിൽ, ഗൗരീശപട്ടം, കുഴിവയൽ, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നിലയും മുങ്ങി.
ശ്രീകാര്യം അണിയൂർ, ചെമ്പഴന്തി പ്രദേശത്ത് മഴ കനത്ത നാശം വിതച്ചു. മതിലിടിഞ്ഞും മരം വീണും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കമരമന നെടുങ്കാട് റോഡിൽ വള്ളം കയറി.
കഴിഞ്ഞ മാസം 15ന് പെയ്ത കനത്തമഴയിൽ നഗരം മുങ്ങിയതോടെ മന്ത്രിമാർ വെള്ളപ്പൊക്കം തടയാൻ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് വാക്കിൽ മാത്രം ഒതുങ്ങുന്ന കാഴ്ച്ചയാണ് ഈ മഴയിലും കണ്ടത്. ആമയിഴഞ്ചാൻ തോട് അടക്കമുള്ള തോടുകളുടെ ആഴം കൂട്ടാനായിരുന്നു പ്രധാന തീരുമാനം. മണ്ണ് കുറെ മാറ്റിയെങ്കിലും അതെല്ലാം തോടിന്റെ കരയിൽ നിന്നും മാറ്റിയിരുന്നില്ല. തുർച്ചയായി മഴ പെയ്തതോടെ ഈ മണ്ണ് വീണ്ടും തോട്ടിലേക്ക് വീണു.
അതേസമയം, പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 24ന് എറണാകുളത്തും കോഴിക്കോടും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post