തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഹോട്ടൽ ഉടമയുടെ കടയ്ക്കും വീടിനും നേരെ ബോംബേറ്. പൂമല സ്വദേശി അരുണിന്റെ വീടിനും ഹോട്ടലിനും നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തിൽ പറമ്പായി സ്വദേശി സനൽ, ചെപ്പാറ സ്വദേശി ജസ്റ്റിൻ എന്നിവരെയും ഇവരുടെ നേതൃത്വത്തിലുള്ള ഏഴംഗ ഗുണ്ടാ സംഘത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. അരുണുമായി ഇവർക്ക് നേരത്തെ തന്നെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് വെള്ളിയാഴ്ചയുണ്ടായ ആക്രമണവും. ഗുണ്ടാസംഘം പ്രതിയായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അരുണുമായി തർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഘം ബോംബ് എറിഞ്ഞത്. പോലീസിന് വിവരങ്ങൾ കൈമാറുന്നത് അരുൺ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പെട്രോൾ ബോംബ് ആണ് എറിഞ്ഞത് എന്നാണ് സൂചന. ആക്രമണത്തിൽ വീടിനും ഹോട്ടലിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ അരുണിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
Discussion about this post