ലക്‌നൗ: ഉത്തർപ്രദേശിൽ പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം. ബസ് കണ്ടക്ടറെ മതതീവ്രവാദി വെട്ടിപ്പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ലാരെബ് ഹാഷ്മിയാണ് ആക്രമണം നടത്തിയത്. പ്രയാഗ്‌രാജ് സ്വദേശി ഹരികേശ് വിശ്വകർമ്മയ്ക്കാണ് വെട്ടേറ്റത്. ടിക്കറ്റ് നൽകുന്നതിനെ ചൊല്ലി ബസിനുള്ളിൽവച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടായരുന്നു. ഇതായിരുന്നു ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ഹരികേശ് പ്രവാചകനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നുമാണ് ഹാഷ്മി പറയുന്നത്.
ഹരികേശിന്റെ കഴുത്തിനും തോളത്തുമാണ് വെട്ടേറ്റത്. ഇതിന് പിന്നാലെ പ്രതി ബസിൽ നിന്നും ഇറങ്ങി കോളേജിനുള്ളിലേക്ക് ഓടി. ഇവിടെവച്ച് ഇയാൾ ഫേസ്ബുക്കിൽ ലൈവ് വീഡിയോയും പങ്കുവച്ചിരുന്നു. ബസ് കണ്ടക്ടർ പ്രവാചകനെ നിന്ദിച്ച് സംസാരിച്ചെന്നും, അതിനാൽ വെട്ടിയെന്നുമായിരുന്നു ഫേസ്ബുക്ക് വീഡിയോയിൽ ഇയാൾ പറഞ്ഞത്. പ്രവാചകനെക്കുറിച്ച് ആര് മോശമായി സംസാരിച്ചാലും ഗതി ഇതാകുമെന്നും ഹാഷിം വീഡിയോയിൽ പറയുന്നുണ്ട്.
ക്ലാസ് മുറിയ്ക്കുള്ളിൽ ഒളിച്ചിരുന്ന ഹാഷിമിനെ കോളേജ് അധികൃതരാണ് പോലീസിന് പിടിച്ച് നൽകിയത്. എന്നാൽ പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസ് വെടിവച്ച് പിടികൂടി. ഹാഷിമിന്റെ കാലിലാണ് വെടിയേറ്റത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഹാഷിം.








