ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരക്കലിനിടെ ഇന്ന് രാവിലെ വീണ്ടും തകരാറായ ഓഗർ മെഷീൻ തുരങ്കത്തിന് പുറത്തെടുത്തു. ബാക്കി ഭാഗങ്ങൾ ഇനി മാനുവൽ ഡ്രില്ലംഗിലൂടെയാകും പൂർത്തിയാക്കുക.
തൊഴിലാളികൾക്കടുത്തേക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. അതിനാലാണ് മാനുവൽ ഡ്രില്ലിംഗുമായി മുന്നോട്ടു പോകുന്നത്. 6-9 മീറ്ററിലെ അവശിഷ്ടങ്ങളാണ് ഇനി നീക്കം ചെയ്യാനുള്ളത്.
‘ഒരുപാട് വഴികളുണ്ട്. ഈ വഴി മാത്രമല്ല ഉള്ളത്. ഓഗർ മെഷീൻ തകരാറിലായി. ഇനി ഈ യന്ത്രം ഉപയോഗിക്കാൻ കഴിയില്ല. ഇനി മറ്റൊരു ഓഗർ യന്ത്രം ഉപയോഗിച്ചും ഡ്രില്ലിംഗ് നടത്തില്ല’- ടണലിംഗ് വിദഗ്ധൻ അർനോൾഡ് ഡിക്സ് പറഞ്ഞു.
‘ഓഗർ മെഷീൻ ഇടക്കിടെ തകരാറിലാവുന്നത് രക്ഷാപ്രവർത്തനം വൈകിക്കുന്നുണ്ട്. ഓരോ തവണ യന്ത്രം തകരാറിലാവുമ്പോഴും 50 മീറ്ററുകളോളം പിന്നിലേക്ക് എടുത്ത് തകരാർ പരിഹരിച്ച് വേണം തിരികെ സ്ഥാപിക്കാൻ. ഇത് വീണ്ടും അഞ്ചോ ആറോ മണിക്കൂറുകൾ നീളുന്നു’- ദൗത്യ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇനി ബാക്കിയുള്ള പൈപ്പിടൽ മാനുവൽ ഡ്രില്ലംഗിലൂടെ പൂർത്തിയാക്കാനാണ് തീരുമാനം. ഇത്തരത്തിൽ തുരക്കുന്നതിനിടയിൽ എന്തെങ്കിലും തടസം നേരിട്ടാലും അത് സമയം വൈകിക്കാതെ പരിഹരിച്ച് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Discussion about this post