കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ബിജെപി നേതാവ് സുവേന്ദു അധികാരി. ബിജെപി എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണി പരാമർശത്തിലാണ് പരാതി നൽകിയത്. സംഭവത്തിൽ മമതയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ബിജെപിയുടെ എട്ട് എംഎൽഎമാരെ ജയിലിൽ അടയ്ക്കുമെന്നായിരുന്നു മമത ബാനർജി പറഞ്ഞത്. ഇന്നലെ നേതാജി ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പരാമർശം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പരാതി നൽകി.
ഇ മെയിൽ ആയി ഹരേ സ്ട്രീറ്റ് പോലീസിനാണ് പരാതി നൽകിയിരിക്കുന്നത്. ഇൻഡോർ സ്‌റ്റേഡിയം ഹരേ സ്ട്രീറ്റ് പോലീസിന്റെ പരിധിയിലാണ് ഉള്ളത്. സംഭവത്തിൽ മമതയ്‌ക്കെതിരെ കേസ് എടുക്കാൻ 72 മണിക്കൂർ സമയം നൽകുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ കേസ് എടുത്തില്ലെങ്കിൽ പരാതിയുമായി കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതിയുടെ പകർപ്പും, മമത പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പരാമർശമടങ്ങിയ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
Discussion about this post