പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തരംഗമായി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. നിറഞ്ഞ സദസ്സിലായിരുന്നു വെള്ളിയാഴ്ച ചിത്രം പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ മികച്ച പ്രതികരണങ്ങളാണ് പങ്കുവെച്ചത്. നിരൂപകരും ആസ്വാദകരും ഒരേ സ്വരത്തിലാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാളികപ്പുറം കേരളത്തിനകത്തും പുറത്തും ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമ്മിച്ചത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമായ അഭിനയമുഹൂത്തങ്ങളാൽ സമ്പന്നമായിരുന്നു.
ബാലതാരങ്ങളായ ദേവനന്ദയും മാസ്റ്റർ ശ്രീപദുമായിരുന്നു മാളികപ്പുറത്തിലെ ശ്രദ്ധേയമായ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തത്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് കേരളത്തിൽ റിലീസ് ചെയ്തത്.
മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, രൺജി പണിക്കർ, ആൽഫി പഞ്ഞിക്കാരൻ, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഐ എഫ് എഫ് ഐയിലെ പ്രദർശന വേളയിൽ ഉണ്ണിമുകുന്ദൻ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങിയവരും മാളികപ്പുറം കാണാൻ എത്തിയിരുന്നു.
Discussion about this post