റായ്പൂർ: ഛത്തീസ്ഗഡിൽ പ്രദേശവാസികൾക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. പ്രദേശവാസിയെ കൊലപ്പെടുത്തി. കൻകർ ജില്ലയിൽ ഇന്നലെ രാത്രിയോടൊയായിരുന്നു ആക്രമണം.
കോപ്വെഞ്ച് ഗ്രാമവാസിയായ രാംചി ചിന്നയാണ് കൊല്ലപ്പെട്ടത്. പോലീസിന് വിവരം നൽകുന്ന ആളെന്നുകരുതിയാണ് ആക്രമണം എന്നാണ് സൂചന. കൊലപാതകത്തിന് പിന്നാലെ രാംചിയുടെ മൃതദേഹം ഭീകരർ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ ജോലിയ്ക്കായി പോകുന്നവരാണ് മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്ത് എത്തി മൃതദേഹം പരിശോധിച്ചപ്പോൾ കമ്യൂണിസ്റ്റ് ഭീകരർ എഴുതിയ കുറിപ്പ് കണ്ടെടുത്തു. ഇതോടെയാണ് സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരാണെന്ന് വ്യക്തമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പോലീസിന് വിവരം നൽകുന്നുയെന്ന പേരിൽ മഹാരാഷ്ട്രയിൽ ഗ്രാമത്തലവനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഛത്തീസ്ഗഡിലും സമാന സംഭവം ഉണ്ടാകുന്നത്.









