ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ ആവശ്യമായ ജാഗ്രത സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് 19 മുൻകരുതലുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം പുറപ്പെടുവിച്ച നിർദേശങ്ങൾ തന്നെയാണ് ന്യുമോണിയയുമായി ബന്ധപ്പെട്ടും സർക്കാരുകൾ പാലിക്കേണ്ടത്. കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്റഗ്രേറ്റഡ് ഡിസീസ് സർവയലൻസ് പ്രൊജക്റ്റ് യൂനിറ്റുകളോട് സർക്കാർ ആവശ്യപ്പെട്ടു. രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം ശേഖരിച്ച് പരിശോധനാനടപടികൾ വേഗത്തിലാക്കാനും നിർദേശമുണ്ട്.
ആശുപത്രികളിൽ കിടക്ക, മരുന്നുകൾ, വാക്‌സിനുകൾ, ഓക്‌സിജൻ, ആന്റിബയോട്ടിക്കുകൾ എന്നീ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
അതേസമയം ചൈനയിൽ കുട്ടികളിൽ അജ്ഞാത രോഗം പടർന്നുപിടിക്കുകയാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നുവെങ്കിലും അജ്ഞാത രോഗങ്ങൾ ഇല്ലെന്നാണ് ചൈന വ്യക്തമാക്കിയത്.









Discussion about this post