കൊച്ചി: നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും ചോദിച്ചു. ഉദ്യോഗസ്ഥന്റെ നടപടി കുട്ടികളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡിഡിഇ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
നവകേരളാ സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതോടൊപ്പം നവകേരള സദസ്സിനായി സ്കൂൾ ബസ് വിട്ട് കിട്ടണമെന്ന ഉത്തരവും പിൻവലിച്ചതായി സർക്കാർ കോടതിയെ ധരിപ്പിച്ചു. നവകേരള സദസ്സിനെ തുടർന്ന് നിരവധി വിവാദങ്ങളാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്. സ്കൂൾ ബസുകൾ നവകേരള സദസ്സിനായി വിട്ടുനൽകണമെന്ന ഉത്തരവും വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഇതോടെയാണ് ഈ ഉത്തരവും പിൻവലിച്ചത്.
അതേസമയം, നവകേരള സദസ്സിനായി പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതിലും കൊടിമരവും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാഗതസംഘം കത്തുനല്‍കിയിട്ടുണ്ട്. മതില്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാഗതസംഘം ചെയര്‍മാന്‍ ബാബു ജോസഫാണ് നഗരസഭാ സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്. എന്നാൽ, കത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് പറഞ്ഞു. നിലവില്‍ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ട്. മതിലും കൊടിമരവും പൊളിക്കുന്നത് അനാവശ്യമാണെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
Discussion about this post