മലപ്പുറം : നവ കേരള സദസിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഭിവാദ്യങ്ങൾ അർപ്പിക്കാനായി വീണ്ടും സ്കൂൾ കുട്ടികളെ റോഡിൽ നിർത്തി. എൽപി സ്കൂൾ വിദ്യാർത്ഥികളായ കൊച്ചുകുട്ടികളെയാണ് ഒരു മണിക്കൂറിലേറെ സമയം റോഡിൽ നിർത്തിയത്. മലപ്പുറം എടപ്പാളിലാണ് സംഭവം നടന്നത്.
എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ വിദ്യാർത്ഥികളെയാണ് നവ കേരള സദസ്സിനെത്തുന്ന മന്ത്രിമാർക്ക് അഭിവാദ്യമർപ്പിക്കാൻ റോഡിൽ ഇറക്കിയത്. പൊന്നാനിയിലെ നവകേരളാ സദസ് കഴിഞ്ഞ് എടപ്പാളിലേക്ക് പോകുന്ന മന്ത്രി സംഘത്തെ കാത്ത് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഒരു മണിക്കൂറോളം സമയമാണ് ഈ കുട്ടികളെ വഴിയിൽ നിർത്തിയത്.
നവകേരളാ സദസില്‍ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്നുള്ള മലപ്പുറം ഡി ഡി ഇയുടെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഒരു കാരണവശാലും കുട്ടികളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് കോടതി സർക്കാരിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് മലപ്പുറത്ത് എൽപി സ്കൂൾ വിദ്യാർത്ഥികളായ കൊച്ചു കുട്ടികളെ ഉച്ചയ്ക്ക് ഒരു മണിക്കൂറോളം സമയം പെരുവഴിയിൽ നിർത്തിയത്.
Discussion about this post