പാറ്റ്ന: 2024 സ്കൂൾ കലണ്ടർ പുറത്തിറക്കിയതിന് പിന്നാലെ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. 2024 കലണ്ടറിൽ മുസ്ലിം ആഘോഷങ്ങൾക്ക് അവധികളുടെ എണ്ണം വർദ്ധിച്ചതും ഹിന്ദു ആഘോഷങ്ങൾക്ക് അവധി വെട്ടിക്കുറച്ചതും വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ബിജെപി വിമർശിച്ചു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2024 ലെ കലണ്ടർ പ്രകാരം വരും വർഷം ശിവരാത്രി, ജന്മാഷ്ടമി, രക്ഷാ ബന്ധൻ, തീജ്, ജിതിയ തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധിയുണ്ടാകില്ല. എന്നാൽ, ഉർദു മീഡിയം സ്‌കൂളുകളിൽ ഈദുൽ ഫിത്തറിനും ഈദുൽ അദ്ഹയ്ക്കും (ബക്രീദ്) മൂന്ന് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഉറുദു ഇതര സ്‌കൂളുകളിൽ ഈദ് പെരുന്നാളുകൾക്ക് ഒരു ദിവസം മാത്രമായിരിക്കും അവധി.
“നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാർ സർക്കാർ ഹിന്ദു വിരുദ്ധ മുഖം കാണിക്കുകയും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന തീരുമാനമെടുക്കുകയും ചെയ്തു. ഹിന്ദു ആഘോഷങ്ങളുടെ അവധികൾ തിരഞ്ഞെടുത്ത് വെട്ടിക്കുറച്ചു. മുസ്ലീം ആഘോഷങ്ങൾക്കുള്ള അവധികൾ വർദ്ധിപ്പിച്ചിരിക്കുന്നു’- വിഷയത്തിൽ ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു.
“ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബീഹാർ’ എന്നാണ് വിഷയത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പുതിയ സ്കൂൾ കലണ്ടറുകളെ പരിഹസിച്ചത്. “ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബീഹാർ’. നിതീഷും ലാലു സർക്കാരും മുസ്ലീം ആഘോഷങ്ങൾക്ക് അവധി വർദ്ധിപ്പിച്ചു. എന്നാൽ, ഹിന്ദു ആഘോഷങ്ങൾക്കുള്ള അവധി നിർത്തലാക്കി. ലാലു യാദവും നിതീഷ് സർക്കാരും ഹിന്ദുക്കളെ ആക്രമിക്കുന്നു. ഈ രീതിയിൽ പോയാൽ, ഭാവിയിൽ ഇവർ മുഹമ്മദ് നിതീഷ്, മുഹമ്മദ് ലാലു എന്നീ പേരുകളിൽ അറിയപ്പെടും’- അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post