കൊല്ലം : ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ അഭിഗേലിനെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്ന് വിട്ടത് ഓട്ടോയിൽ ആണെന്ന് സ്ഥിരീകരിച്ചു. കുട്ടിയേയും സ്ത്രീയെയും മൈതാനത്ത് കൊണ്ടുവന്ന വിട്ട ഓട്ടോ ഡ്രൈവർ പോലീസിന് മൊഴി നൽകി. കൊല്ലം ലിങ്ക് റോഡിൽ നിന്നുമാണ് സ്ത്രീയും കുട്ടിയും ഓട്ടോയിൽ കയറിയത്. മാസ്ക് ധരിച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഡ്രൈവർ മൊഴി നൽകി.
കൊല്ലം ലിങ്ക് റോഡിൽ നല്ല വെയിലത്ത് ആയിരുന്നു സ്ത്രീയും കുട്ടിയും നിന്നിരുന്നത്. ബീവറേജസ് കഴിഞ്ഞ് കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് വരുന്ന വഴിയിലായിരുന്നു കുട്ടിയും സ്ത്രീയും നിന്നിരുന്നത്. അതുവഴി വന്ന ഓട്ടോ ഈ സ്ത്രീ വിളിക്കുകയായിരുന്നു. മഞ്ഞ ചുരിദാർ ധരിച്ച ഒരു സ്ത്രീയായിരുന്നു കുട്ടിയോടൊപ്പം ഉണ്ടായിരുന്നത്. എവിടേക്കാണ് പോകേണ്ടത് എന്ന് ചോദിച്ചപ്പോൾ ആശ്രാമം മൈതാനത്തേക്ക് എന്ന് മറുപടി നൽകുകയായിരുന്നു എന്നും ഡ്രൈവർ മൊഴി നൽകി.
സ്ത്രീയും കുട്ടിയും മാസ്ക് ധരിച്ചിരുന്നു. കൂടാതെ സ്ത്രീ വെയിലത്ത് നിൽക്കുന്നതിനാൽ ഷോൾ ഉപയോഗിച്ച് മുഖത്തിന്റെ ഭാഗം മറക്കുകയും ചെയ്തിരുന്നു. അമ്മയും കുഞ്ഞുമാണെന്നാണ് കരുതിയിരുന്നത് എന്ന് ഓട്ടോ ഡ്രൈവർ വ്യക്തമാക്കി. കുട്ടി വളരെ ക്ഷീണതയായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. ഇവരെ ആശ്രാമം മൈതാനത്ത് ഇറക്കിയശേഷം തിരിച്ചുപോയ ഡ്രൈവർ ഏറെനേരം കഴിഞ്ഞാണ് കുട്ടിയെ തിരിച്ചു കിട്ടിയ വാർത്ത മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞത്. ഈ ചിത്രങ്ങൾ കണ്ടാണ് താൻ ഇറക്കിവിട്ട കുട്ടിയായിരുന്നു അത് എന്ന് തിരിച്ചറിഞ്ഞത്.
വാർത്ത കണ്ടതോടെ ഓട്ടോഡ്രൈവർ ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇയാളിൽ നിന്നും വിശദമായ മൊഴി എടുത്തു. സംശയിക്കുന്ന സ്ത്രീയുടേതെന്ന് കരുതുന്ന ഫോട്ടോ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാൽ ഫോട്ടോ തിരിച്ചറിഞ്ഞതിനെക്കുറിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post