അയോധ്യ; അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു നൽകാൻ സന്നദ്ധമായി രാജ്യത്തെ മുൻനിര വ്യവസായികൾ രംഗത്ത് വന്നിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. എന്നാൽ രാമക്ഷേത്രം ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി നിർമ്മിക്കണം എന്നതായിരുന്നു സംഘടനയുടെ തീരുമാനം. അതിന് വേണ്ടിയാണ് രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ, റാം മന്ദിർ നിധി സമർപ്പൺ അഭിയാന് തുടക്കം കുറിച്ചതെന്നും വി എച്ച് പി അറിയിച്ചു.
രാമക്ഷേത്രം ഇന്ത്യൻ സംസ്കാരത്തിന്റെയും ഹിന്ദുത്വത്തിന്റെയും പ്രതീകമായിരിക്കണം എന്നത് വി എച്ച് പിയുടെ ലക്ഷ്യമായിരുന്നു. ക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ സംഘടിപ്പിക്കുമെന്നും വി എച്ച് പി അറിയിച്ചു.
വ്യവസായികളുടെ വാഗ്ദാനം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റിന് മുന്നിലേക്ക് വി എച്ച് പി അവതരിപ്പിച്ചില്ല. പകരം, രാമക്ഷേത്ര നിർമ്മാണത്തിനായി ധനം സ്വരൂപിക്കാൻ രാജ്യത്തെ 13 കോടി കുടുംബങ്ങൾക്ക് അവസരം നൽകി. വി എച്ച് പി ദേശീയ വക്താവ് വിനോദ് ബൻസാൽ വ്യക്തമാക്കി.
ആചാര്യന്മാരുടെയും കോടാനുകോടി രാമഭക്തരുടെയും അഞ്ച് നൂറ്റാണ്ടുകൾ നീണ്ട ആഗ്രഹമാണ് അയോധ്യയിലെ രാമക്ഷേത്രം. രാമക്ഷേത്രം രാഷ്ട്രമന്ദിരം ആയിരിക്കണം എന്നതാണ് വി എച്ച് പിയുടെ താത്പര്യം. ക്ഷേത്രം ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമായി നിലകൊള്ളണം. മുഗളന്മാരും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രീണന സർക്കാരുകളും രാമക്ഷേത്രത്തോട് ചെയ്തത് എന്താണെന്ന് ഓരോ നിമിഷവും ഭക്തരുടെ മനസ്സിൽ നിറഞ്ഞു നിൽക്കണം. ബൻസാൽ വ്യക്തമാക്കി.
ഹിന്ദുത്വത്തിന്റെ ഐക്യസന്ദേശം രൂഢമൂലമാക്കുന്ന രാമത്വം എന്ന തത്വം രാമക്ഷേത്ര നിർമ്മിതിയോടെ രാജ്യത്ത് വ്യാപിക്കും. ഇന്ത്യൻ സാംസ്കാരിക ദൃഢതയുടെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും സന്ദേശമായി രാമക്ഷേത്രം ഉയർന്ന് നിൽക്കുമെന്നും വി എച്ച് പി വക്താവ് വ്യക്തമാക്കി.
Discussion about this post