ന്യൂഡൽഹി: കുട്ടികളിലെ വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനായി അംഗൻവാടി ജീവനക്കാർക്ക് പിന്തുണയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി അംഗൻവാടി ജീവനക്കാർക്ക് പ്രത്യേക പ്രോട്ടോക്കോൾ അവതരിപ്പിച്ചു. കുട്ടികളിലെ ശാരീരികവും ബൗദ്ധികവുമായ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ പുതിയ പദ്ദതിയിലൂടെ സാധിക്കും. ഇതിനോടൊപ്പം അംഗൻവാടി ജീവനക്കാരെ കമ്മ്യൂണിറ്റി പരിപാടികളിൽ പങ്കെടുപ്പിക്കാനും റെഫറൽ പിന്തുണ നൽകാനും കേന്ദ്രം നിർദേശിക്കുന്നുണ്ട്.
വനിതാ ശിശു വികസന മന്ത്രി സ്മൃതി സുബിൻ ഇറാനിയാണ് ഇതും സംബന്ധിച്ച മാർഗ നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രോട്ടോക്കോൾ അവതരിപ്പിച്ചത്. ദിവ്യാംഗരായ കുട്ടികളെ കണ്ടെത്തുന്നതിനും അവർക്ക് പ്രത്യേക പിന്തുണ നൽകുന്നതിനും ആണ് പ്രോട്ടോക്കോൾ ലക്ഷ്യമിടുന്നത്.
കുട്ടികളിൽ ഉണ്ടാകുന്ന മൂന്നിലൊന്ന് വൈകല്യങ്ങളും നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സിക്കാനാവുമെന്ന് പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിലാണ് നടപടി. ഇതിന് പുറമെ, അഗൻവാടി പ്രവർത്തകർ, ആശാ, ഓക്സിലറി നഴ്‌സ് മിഡ്‌വൈഫുമാർ എന്നിവർ യുണീക്ക് ഡിസെബിലിറ്റി ഐഡികൾ, ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവക്ക് അപേക്ഷിക്കാൻ കുടുംബങ്ങളെ സഹായിക്കും. ഇത് വഴി ഈ കുട്ടികൾക്ക് മികച്ച ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാൻ സാധിക്കും. ഇന്ത്യയിൽ ആദ്യമായാണ് കുഞ്ഞുങ്ങളിലെ വൈകല്യം തിരിച്ചറിയാൻ അംഗൻവാടികളില പദ്ദതി നടപ്പാക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സ്മൃതി ഇറാനി പറഞ്ഞു.
“സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ നിന്നും നോക്കുകയാണെങ്കിൽ, ഇത് നമ്മുടെ സമൂഹത്തിൽ ഒരു നിശ്ശബ്ദ വിപ്ലവമാണ്. ആദ്യമായാണ് കുട്ടികളിലെ വൈകല്യങ്ങളെ തിരിച്ചറിയാനായി അംഗൻവാടിയിലെ സഹോദരിമാർക്ക് സഹായമെത്തുന്നത്. ഇത് സമൂഹത്തിലെ കുട്ടികളെ സഹായിക്കാനുള്ള അവസരമാണ്. ചിന്താഗതി മാറ്റേണ്ടതുണ്ട്,”- ഇറാനി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020, ദിവ്യാംഗരായ വിദ്യാർത്ഥികളെ മുഖ്യധാരാ സ്കൂളുകളിലേക്ക് എത്തിക്കുന്നതിന് മുൻഗണന നൽകുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post