മലപ്പുറം: കൊല്ലത്ത് ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദു:ഖം അനുഭവിക്കുന്നവരുടെ അടുത്തേക്ക് ഔചിത്യമില്ലാത്ത ചോദ്യവുമായി ചെല്ലരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്കെത്തിച്ചതിന് അഭിനന്ദനം അർഹിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുണ്ടാക്കി കൊടുക്കൽ ആകരുതെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ എങ്ങനെ ഇടപെടൽ നടത്തണമെന്ന് സ്വയം വിലയിരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടിയെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ‘സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ പെൺകുട്ടിയുടെ സഹോദരന് പ്രത്യേകം അഭിനന്ദങ്ങൾ’- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിലാണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പോലീസിന്റെ തിരച്ചിൽ ഫലം കണ്ടില്ലെന്നും പോലീസിന്റെ മൂക്കിൻ തുമ്പിൽ പ്രതികൾ ഉണ്ടായിരുന്നിട്ടും കുട്ടിയെ കണ്ട് പിടിക്കാൻ പോലീസിനായില്ലെന്നുമുള്ള കടുത്ത വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പ്രതികൾ കുട്ടിയെ മൈതാനത്ത് ഉപേക്ഷിക്കുകയും കോളേജ് കുട്ടികൾ കണ്ടെത്തുകയുമാണ് ചെയ്തത്. ഇതിൽ പോലീസുകാർ കുട്ടിയെ കണ്ടെത്തിയെന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്നും വിമർശനമുയരുന്നു. ഇത്രയും പോലീസുകാർ വലവിരിച്ചിട്ടും തിരക്കുള്ള ഒരു മൈതാനത്ത് പ്രതികൾക്ക് കുട്ടിയെ ഉപേക്ഷിച്ചു പോകാൻ കഴിഞ്ഞത് വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്.
Discussion about this post