ലക്നൗ: കുഞ്ഞ് മരിച്ചെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് വിറ്റ് പണം വാങ്ങിയ സംഭവത്തിൽ വഴിത്തിരിവായത് അമ്മയുടെ പോരാട്ടവീര്യം. സംഭവത്തിൽ രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലാണ് സംഭവം. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ബൽറാംപൂരിലെ ആശുപത്രി അധികൃതർ അമ്മയായ പുഷ്പദേവിയേയും മറ്റ് കുടുംബാംഗങ്ങളെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ തന്റെ കുഞ്ഞ് മരിച്ചെന്ന് വിശ്വസിക്കാൻ പുഷ്പ ദേവി ഒരുക്കമായിരുന്നില്ല. കുഞ്ഞ് നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക അസ്വസ്ഥതയാണ് പുഷ്പാദേവിയുടേതെന്ന് പറഞ്ഞ് പലരും തള്ളിയെങ്കിലും യുവതി സംഭവം പോലീസിനെ അറിയിച്ചു. താൻ ജീവനുള്ള കുഞ്ഞിനാണ് ജന്മം നൽകിയതെന്നും മരിച്ചെന്ന് പറഞ്ഞ ആശുപത്രി അധികൃതർ മൃതദേഹം പോലും കാണിച്ചില്ലെന്നും യുവതി ആരോപിച്ചു.
തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. അക്രം ജമാൽ, ഡോ. ഹിഫ്സുർ റഹ്മാൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട ആശുപത്രി അധികൃതർ സീൽ ചെയ്യുകയുമായിരുന്നു. കുഞ്ഞ് മരിച്ചെന്ന് വിശ്വസിപ്പിച്ച ഇവർ കുഞ്ഞിനെ രഹസ്യമായി ബദ്നി നഗർ പഞ്ചായത്തിലെ രണ്ടാം വാർഡ് കൗൺസിലർ നിസാറിന് വിൽക്കുകയായിരുന്നു. നിസാറിന് കുഞ്ഞുങ്ങളില്ലാത്തതിനാൽ പണം വാങ്ങാതെയാണ് കൈമാറിയതെന്നാണ് ഡോക്ടർമാരുടെ മൊഴി. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ കൗൺസിലർ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം.
Discussion about this post