എറണാകുളം: യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി മനുവിനെ പുറത്താക്കി. യുവതിയുടെ പരാതിയിൽ മനുവിനെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെയായിരുന്നു നടപടി. മനുവിൽ നിന്നും അഡ്വക്കേറ്റ് ജനറൽ രാജി എഴുതി വാങ്ങി.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്. ഇതിൽ ചോറ്റാനിക്കര പോലീസാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളും, ഐടി നിയമവും ചുമത്തിയാണ് കേസ്. മനുവിന്റെ രാജി അഡ്വക്കേറ്റ് ജനറൽ നിയമസെക്രട്ടറിയ്ക്ക് കൈമാറും.
ബലാത്സംഗത്തിനിരയായ യുവതിയെ ആണ് മനു വീണ്ടും പീഡിപ്പിച്ചത്. ആദ്യ കേസിൽ നിയമസഹായം തേടിയാണ് യുവതി മനുവിന്റെ പക്കൽ എത്തിയത്. ഒക്ടോബർ 11 ന് കേസുമായി ബന്ധപ്പെട്ടകാര്യങ്ങൾ ചർച്ച ചെയ്യാനായി മനു യുവതിയുടെ വീട്ടിൽ എത്തുകയായിരുന്നു. ഇവിടെവച്ചായിരുന്നു പീഡനം.












