കൊല്ലം: ഓയൂരില്‍ നിന്ന് അബിഗേല്‍ സാറയെന്ന കുട്ടിയെ ഒരു സംഘം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍. അബിഗേലിനെ തട്ടിക്കൊണ്ട് പോയത് മനുഷ്യക്കടത്ത് സംഘമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മനുഷ്യക്കടത്ത് സംഘമല്ലെങ്കില്‍ പിന്നെയെന്താണ് അവരുടെ ഉദ്ദേശമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പോലീസ്.
ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കാനൊരുങ്ങുകയാണ്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പണത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും വലിയ മനുഷ്യക്കടത്ത് സംഘമല്ല ഇതിന്റെ പിന്നിലെന്നതിന്റെ തെളിവാണ് വലിയ തുക ആവശ്യപ്പെടാതിരുന്നതെന്നും പോലീസ് കരുതുന്നു.
ഇത് കൂടാതെ കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് നിഗമനങ്ങള്‍. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. ഇതനുസരിച്ച് വിദേശത്തുനിന്ന് അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടെത്തിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പകല്‍ 1.14 ന് കുട്ടിയെ ഒക്കത്തിരുത്തി ഒരു സ്ത്രീ ഓട്ടോയില്‍ വന്നിറങ്ങി മൈതാനത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവം നടന്ന് മൂന്നാംദിവസവും പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കൂടാതെ കൃത്യത്തിനു പിന്നിലെ ലക്ഷ്യവും ദുരൂഹമായി തുടരുകയാണ്.
സമീപത്തെ മൂന്നു ജില്ലകളിലും പൂര്‍ണമായി വലവിരിച്ച് അന്വേഷിച്ചെന്ന അവകാശവാദം നിലനില്‍ക്കെ പോലീസിന്റെ മൂക്കിനുകീഴില്‍ത്തന്നെ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതും അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചാണ് അന്വേഷണമാണെന്നു പറയുമ്പോഴും പ്രതികള്‍ സഞ്ചരിച്ച റൂട്ടുപോലും സിസിടിവി ക്യാമറ പരിശോധനയിലൂടെ ഇനിയും വ്യക്തമായിട്ടില്ല.
Discussion about this post