കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പ്രതികളുടെ രേഖാ ചിത്രം കൂടി പോലീസ് പുറത്ത് വിട്ടു. ഒരു സ്ത്രീയുടേയും പുരുഷന്റെയും രേഖാ ചിത്രമാണ് പോലീസ് പുറത്ത് വിട്ടത്. അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടി മൊഴി നല്‍കിയതായി പോലീസ് വ്ക്തമാക്കി. മറ്റുള്ളവരുടെ മുഖം ഓര്‍മ്മയില്ലെന്നും ആറുവയസുകാരി മൊഴി നല്‍കി. ചൊവ്വാഴ്ചയും ഇതേവിവരം തന്നെയാണ് കുട്ടി പങ്കുവെച്ചിരുന്നത്.
കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖചിത്രം തയ്യാറാക്കിയത്. കേസില്‍ ഈ രേഖാ ചിത്രങ്ങളിലൂടെ പ്രതികളിലേക്ക് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതിനിടെ കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ടയിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയില്‍ ജോലിയുടെ ആവശ്യത്തിനായി താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റില്‍ പോലീസ് പരിശോധന നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട നഗരത്തിലെ ഒരു ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. ഇദ്ദേഹത്തിന്റെ ഒരു ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ആറുവയസ്സുകാരി അബിഗേല്‍ സാറാ ഇന്ന് വൈകിട്ടോടെ ആശുപത്രിവിട്ടു. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് കുഞ്ഞ് വിക്ടോറിയ ആശുപത്രിയില്‍ നിന്നും മടങ്ങിയത്. അതേസമയം, വീട്ടില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും.
Discussion about this post