ആലപ്പുഴ : പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയതിന് അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരന്റെ കൈവിരൽ കടിച്ചു മുറിച്ച പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയായ 38 വയസ്സുകാരൻ വിജു ആണ് അറസ്റ്റിൽ ആയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയതിനാണ് പോലീസ് ഇയാളെ പിടി കൂടാനായി ശ്രമിച്ചിരുന്നത്.
അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരനും പ്രതിയുമായി മൽപ്പിടുത്തം ഉണ്ടാവുകയും പോലീസുകാരന്റെ കൈവിരൽ പ്രതി കടിച്ചു മുറിക്കുകയുമായിരുന്നു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ വി വി ഹരിയാണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്.
പോലീസുകാരന്റെ വലതു കൈയുടെ വിരൽ ആണ് പ്രതിയുടെ ശക്തമായ കടിയേറ്റ് മുറിഞ്ഞത്. എസ് ഐ മാരായ ചന്ദ്രബാബു, സാലിമോൻ എന്നിവരും സിപിഒ അനുരാഗും ചേർന്നാണ് പിന്നീട് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
Discussion about this post