ഐപിഎൽ 2026 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ കോച്ചിങ് നിരയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന ശക്തമായ ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ, മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ മാറ്റാൻ സി.എസ്.കെ മാനേജ്മെന്റ് ഉദ്ദേശിക്കുന്നില്ലെന്ന് ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
2008-ലെ കന്നി ഐപിഎൽ സീസൺ മുതൽ ചെന്നൈ ഫ്രാഞ്ചൈസിയുടെ ഭാഗമായ ഫ്ലെമിങ്, 2009 മുതലാണ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. കഴിഞ്ഞ രണ്ട് സീസണുകളിൽ (2025-ൽ അവസാന സ്ഥാനത്തും 2026-ൽ എട്ടാം സ്ഥാനത്തും) സി.എസ്.കെ കടുത്ത തിരിച്ചടി നേരിട്ടെങ്കിലും മുൻ ന്യൂസിലൻഡ് നായകനിൽ മാനേജ്മെന്റിനുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഫ്ലെമിങ്ങിന്റെ കരാർ ചുരുങ്ങിയത് ഒരു സീസണിലേക്ക് കൂടി നീട്ടുമെന്നാണ് സൂചന.
മേജർ ലീഗ് ക്രിക്കറ്റിൽ ടെക്സസ് സൂപ്പർ കിങ്സിന്റെ പരിശീലകനായി നിലവിൽ പ്രവർത്തിക്കുന്ന ഫ്ലെമിങ് മടങ്ങിയെത്തിയ ശേഷം സി.എസ്.കെ കഴിഞ്ഞ സീസണിലെ പ്രകടനത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തും.ഇതിനിടയിൽ, പേസ് ബോളർ ഖലീൽ അഹമ്മദിനെ ഡൽഹി ക്യാപിറ്റൽസിന് കൈമാറി അവിടെ നിന്ന് ഡേവിഡ് മില്ലറെ സ്വന്തമാക്കിയുള്ള ‘സ്വാപ്പ് ട്രേഡിന്’ ചെന്നൈയ്ക്ക് താല്പര്യമുണ്ടെന്നവാർത്തകൾ വരുന്നുണ്ട്. എന്നാൽ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ സി.എസ്.കെ യാതൊരു ശ്രമവും നടത്തിയിട്ടില്ല.
ഐപിഎൽ 2027 സീസണിന് മുന്നോടിയായുള്ള ആദ്യ വമ്പൻ ട്രേഡിങ് നീക്കങ്ങൾ അണിയറയിൽ സജീവമായിക്കഴിഞ്ഞു. ലഖ്‌നൗ സൂപ്പർ ജയന്റ്സിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായാണ് വിവരം. പകരം സ്പിന്നർ കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക് ചേക്കേറും. 2025-ലെ മെഗാ ലേലത്തിൽ ഡെൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത പന്തിനെ, 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ തുകയായിരുന്നു ഇത്. എന്നാൽ ക്യാപ്റ്റൻസി തർക്കങ്ങളെയും തുടർച്ചയായ രണ്ട് മോശം സീസണുകളെയും തുടർന്ന് പന്ത് ലഖ്‌നൗ വിടാൻ തീരുമാനിക്കുകയായിരുന്നു.
ഐപിഎൽ സീസൺ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഔദ്യോഗിക ട്രേഡിങ് വിൻഡോ തുറക്കുന്നത്. ലേലത്തിന് ഒരു വാരം മുൻപ് വരെ ഇത് നീണ്ടുനിൽക്കും. പന്തിനെ കൈമാറുന്നതിലൂടെ ലഭിക്കുന്ന തുകയെക്കുറിച്ചും കുൽദീപിനായി ലഖ്‌നൗ നൽകേണ്ട തുകയെക്കുറിച്ചുമുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.












