ബംഗളൂരു: ബംഗളൂരുവിലെ സ്‌കൂളുകളിൽ ബോംബ് ഭീഷണി. നഗരത്തിലെ പ്രധാനപ്പെട്ട 28 ലധികം സ്‌കൂളുകൾക്ക് ഇമെയിലിലൂടെയാണ് ഭീഷണി വന്നത്.ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സ്‌കൂൾ അധികൃതരിലും പരിഭ്രാന്തി സൃഷ്ടിച്ചു.
ബസവേശ്വര് നഗറിലെ നേപ്പൽ, വിദ്യാശിൽപ എന്നിവയുൾപ്പെടെ ഏഴ് സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി.തൊട്ടുപിന്നാലെ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇമെയിൽ വഴി സമാനമായ ഭീഷണികൾ ലഭിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ബംഗളൂരു പോലീസ് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.
ബോംബ് ഭീഷണി വ്യാജമാണെന്ന് സൂചന ലഭിച്ചിട്ടും ബോംബ് നിർവീര്യ സേനയുടെ സഹായത്തോടെ പോലീസ് സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണ്. സ്‌കൂളുകളിലൊന്നും ബോംബിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ അന്വേഷണം നടത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിന് നിർദേശം നൽകി. ”സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, മാതാപിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ല. സ്‌കൂളുകൾ പരിശോധിച്ച് സുരക്ഷ വർധിപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് വകുപ്പിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post