പാട്ന : അവിവാഹിതരായ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്ന ‘പകദ്വ വിവാഹ’ ബീഹാറിൽ വീണ്ടും തുടർക്കഥയാകുന്നു. ബീഹാറിലെ വൈശാലി ജില്ലയിൽ അദ്ധ്യാപകനായ യുവാവിനെ തട്ടിക്കൊണ്ടുപോയി. പ്രതിയുടെ മകളുമായി വിവാഹം നടത്താനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.
ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ വിജയിച്ച സർക്കാർ ജോലിക്കായി ഒരുങ്ങിയിരിക്കുന്ന യുവാവിനെയാണ് വൈശാലി ജില്ലയിൽ നിന്നും തട്ടിക്കൊണ്ടുപോയി വിവാഹം നടത്തിയത്. ഇയാൾ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നുമാണ് ഇയാളെ പിടികൂടി കൊണ്ടുപോയത്. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടാണ് യുവാവുമായി പ്രതി മകളുടെ വിവാഹം നടത്തിയത്.
വൈശാലി സ്വദേശിയായ ഗൗതംകുമാർ എന്ന യുവാവിനെ ആണ് ഈ ദുരനുഭവം ഉണ്ടായത്. രാജേഷ് റായി എന്ന വ്യക്തി യുവാവിനെ ബലമായി പിടിച്ചുകൊണ്ടുപോയി മകൾ ചാന്ദിനിയും ആയുള്ള വിവാഹം നടത്തുകയായിരുന്നു. യുവാവിനെ കാണാതായെന്ന് പരാതി നൽകിയിട്ടും പോലീസ് അന്വേഷണം വൈകിയെന്ന് ആരോപിച്ച യുവാവിന്റെ കുടുംബം റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.








