കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. റെജിയുമായുള്ള വൈരാഗ്യം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്നാണ് കസ്റ്റഡിയിൽ ആയ് പത്മകുമാറിന്റെ മൊഴി. മകൾ അനുപമയുടെ നഴ്‌സിംഗ് പഠനത്തിനായി റെജിയ്ക്ക് പണം നൽകിയിരുന്നു. എന്നാൽ റെജി ഇത് തിരികെ നൽകിയില്ലെന്നും പത്മകുമാർ മൊഴി നൽകി.
നഷ്ടമായ പണം തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ല. കുട്ടിയെ തട്ടിക്കൊണ്ട് പോയി റെജിയെയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കി പണം തിരികെ വാങ്ങുകയായിരുന്നു തന്റെ ലക്ഷ്യമെന്നും പത്മകുമാർ പറഞ്ഞിട്ടുണ്ട്. അതേസമയം പോലീസ് ഈ മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല.
തട്ടിക്കൊണ്ട് പോകലിന് പിന്നിൽ വേറെ എന്തെങ്കിലും കാരണം ഉണ്ടോയെന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ ഫാംഹൗസിലാണ് താമസിപ്പിച്ചതെന്നാണ് സൂചന. ഇത് സ്ഥിരികരീക്കാൻ അന്വേഷണ സംഘം പരിശോധന നടത്തും. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച സ്ത്രീ പത്മകുമാറിന്റെ ഭാര്യ കവിതയാണെന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യവും വിശദമായി പരിശോധിക്കുകയാണ്.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പത്മകുമാർ. തെങ്കാശിയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.
Discussion about this post